തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ കയറിയെന്ന സംശയത്തെ തുടർന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രീയകൾ നടത്തി.അൽപ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ ഞായറാഴ്ച വൈകിട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിർദ്ദേശപ്രകാരം നിറുത്തിവച്ചു. പരിഹാരപൂജകൾക്ക് ശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകൾ നടത്തുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. കഴിഞ്ഞ 5നാണ് ക്ഷേത്രത്തിൽ അൽപ്പശി ഉത്സവം ആരംഭിച്ചത്. 9ന് പകൽ ദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റ് മതസ്ഥരുടെ വസ്ത്രധാരണ രീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി സി.സി.ടി.വി കാമറയിൽ കണ്ടെത്തി. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷം മാറി ഉള്ളിൽ കയറുകയായിരുന്നു.ഈ സാഹചര്യത്തിൽ പൂജകൾ നിറുത്തി പരിഹാരക്രിയകൾ നടത്തണമെന്ന് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് നിർദ്ദേശിച്ചു. ഞായറാഴ്ച വൈകിട്ട് 4.30ന് നടക്കേണ്ട പല്ലക്ക് വാഹനത്തിലെ എഴുന്നെള്ളത്ത് നിറുത്തിവച്ചു. തുടർന്ന് ക്ഷേത്രനട അടച്ചു. ഇന്ന് രാവിലെ മുതൽ പതിവുള്ള ദർശനവും മറ്റ് പൂജകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികളേ പ്രവേശിക്കാവൂയെന്നാണ് നിലവിലെ നിയമം. ഇതനുസരിച്ച് വിദേശികൾ വിശ്വാസിയാണെന്ന സർട്ടിഫിക്കറ്റുമായി ഉള്ളിൽ കയറാറുണ്ട്. അഹിന്ദുവെന്ന് ആരോപിക്കപ്പെട്ട സ്ത്രീ വിശ്വാസിയാണോയെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.