1

പൂവാർ: സഞ്ചാരയോഗ്യമായ ഒരു റോഡ് പോലുമില്ലാത്ത ഗതികേടിലാണ് തിരുപുറം ഗ്രാമപഞ്ചായത്ത് നിവാസികൾ. പൂവാർ-നെയ്യാറ്റിൻകര, പഴയകട-മാവിളക്കടവ്, പഴയകട-കാഞ്ഞിരംകുളം, പഴയകട-പാഞ്ചിക്കടവ്, കുമിളി റോഡ്, എക്സൈസ് ഓഫീസ് റോഡ് തുടങ്ങിയവയെല്ലാം മാസങ്ങളായി പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. ഈ റോഡുകളെല്ലാം നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പണി പൂർത്തിയാക്കാത്തതിനാൽ ജനം പൊറുതിമുട്ടുകയാണ്. ടൂവീലർ യാത്രക്കാർ മറിഞ്ഞ് വീഴുന്നത് സ്ഥിരം കാഴ്ചയാണ്. ഇരു ദിശയിൽ നിന്നും വാഹനങ്ങൾ വന്നാൽ യാത്രക്കാർക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഓരോ മഴയിലും റോഡിലെ കുഴികൾ ചെളിവെള്ളം കൊണ്ട് നിറയും. റോസിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ടവർ ആരും ഇതുവരെയും ചെവിക്കൊണ്ടിട്ടില്ല. ഓരോ ദിവസവും ഇതുവഴി യാത്രക്കാർ ദുരിതം പേറിയാണ് യാത്രചെയ്യുന്നത്.

പൂവാർ-നെയ്യാറ്റിൻകര റോഡ് പണി മാസങ്ങൾക്ക് മുമ്പ് തുടങ്ങിയെങ്കിലും മഴയായതിനാൽ നിലച്ചു. റോഡുകൾ പൊട്ടിപൊളിഞ്ഞ് നടുറോഡിൽ വൻകുഴികൾ രൂപപ്പെട്ടു. സൂപ്പർവൈസിംഗ്‌ നടത്തേണ്ട പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ കരാറുകാരുടെ വേണ്ടപ്പെട്ടവരാകുന്നതിനാലാണ് പണി കഴിഞ്ഞ ഉടനെ റോഡ് പൊളിയുന്നതെന്നാണ് ആരോപണം.

തിരുപുറം മണ്ണക്കല്ലിൽ സമാന്തര റോഡ് പൊട്ടിപൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്ക്കരമായി. കോവളം-കാരോട് ബൈപാസിൽ അടിപ്പാത നിർമ്മിക്കാനാണ് പൂവാർ-നെയ്യാറ്റിൻകര റോഡ് മുറിച്ച് താല്ക്കാലിക റോഡ് ഒരുക്കിയത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്ന് പോകുന്ന ഈ റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് ആവശ്യം.

പഴയകട- മാവിളക്കടവ് റോഡ് പണി തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഓട നിർമ്മാണത്തിനായി കുഴിച്ചിട്ടിരിക്കുന്നതിനാലും റോഡിൽ മെറ്റൽ നിരത്തിയിട്ടിരിക്കുന്നതിനാലും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല. വിവിധ സർക്കാർ ഓഫീസുകളിലേക്കുള്ള പ്രധാന റോഡാണിത്.

പഴയകട-കാഞ്ഞിരംകുളം റോഡ് നവീകരണത്തിനായി രണ്ട് പ്രാവശ്യം ടെൻഡർ വിളിച്ചെങ്കിലും പണി ഏറ്റെടുക്കാൻ ആരും തയ്യാറായില്ലെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. രണ്ടാഴ്ച മുമ്പ് തിരുപുറത്തെ ജനപ്രതിനിധികൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. ബൈപാസ് നിർമ്മാണത്തിനുള്ള അമിതഭാരമുള്ള സാധനങ്ങളുമായി വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതാണ് റോഡ് തകരാൻ കാരണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പഴയകട- പാഞ്ചിക്കടവ് പാലം റോഡ് വഴി ടൂവീലറുകൾക്കോ കാൽനടയാത്രക്കാർക്കോ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാഞ്ചിക്കടവ് പാലം പൂർത്തിയായി വരുന്നു. റോഡിന്റെ വീതി കൂട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കുമിളി റോഡ് നവീകരണത്തിനായി കെ.ആൻസലൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പണി പൂർത്തിയായി വരുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള പൈപ്പ് കുഴിച്ചിട്ടതിലൂടെയാണ് ഈ റോഡ് തകർന്നത്. മറ്റ് ചെറുറോഡുകളും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.

നവീകരണത്തിനായി അനുവദിച്ചിട്ടുള്ള തുക

പൂവാർ-നെയ്യാറ്റിൻകര റോഡ് -15 കോടി

പഴയകട- മാവിളക്കടവ് റോഡ് -2 കോടി

പഴയകട-കാഞ്ഞിരംകുളം റോഡ് -20 ലക്ഷം

പഴയകട-പാഞ്ചിക്കടവ് പാലം റോഡ്- 40 ലക്ഷം

കുമിളി റോഡ്- 25 ലക്ഷം