തിരുവനന്തപുരം: കേരളകൗമുദി ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
അതിക്രമം കാണിച്ചവരെ പിടികൂടുന്നതടക്കമുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പേട്ട എസ്.ഐ സജുകുമാർ പറഞ്ഞു. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ, അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥി ജഗിൽ ചന്ദ്രന്റെ (22) മുറിയിൽ നിന്ന് പൊലീസ് അരക്കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് കേരളകൗമുദി ഫ്ളാഷിലും ഓൺലൈനിലും നൽകിയ വാർത്ത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച വൈകിട്ട് ഒരു സംഘം ഓഫീസിൽ അതിക്രമിച്ച് കയറിയത്. റിസപ്ഷനിൽ വന്ന് അസഭ്യം വിളിച്ച ഇവർ റിസപ്ഷനിസ്റ്റ് ആർ.സുജിത് കുമാർ, സെക്യൂരിറ്റി അജയചന്ദ്രൻ നായർ എന്നിവരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് പേട്ട പൊലീസ് കേസെടുക്കുകയും സ്ഥാപനത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
മെഡിക്കൽ കോളേജ് പരിസരത്തെ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിൽ ശനിയാഴ്ച രാവിലെയാണ് ജഗിൽ ചന്ദ്രന്റെ റൂമിൽനിന്ന് വിദ്യാർത്ഥികൾക്കും മറ്റും വിൽക്കാൻ പാകത്തിൽ പൊതികളാക്കിയ കഞ്ചാവ് പിടിച്ചത്. ജഗിലിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. ഇതുസംബന്ധിച്ച് കേരള കൗമുദി ഫ്ളാഷ് ശനിയാഴ്ച നൽകിയ വാർത്തയിൽ ജഗിൽ ചന്ദ്രന് പകരം നിഖിൽ ചന്ദ്രൻ എന്നും റിമാൻഡ് ചെയ്തു എന്നും തെറ്രായി നൽകിയതിൽ ഖേദിക്കുന്നു.