ബംഗളൂരു: അദ്വാനി പക്ഷത്തിലെ ഏറ്റവും ഉന്നതനായ നേതാവ് എന്ന് അറിയപ്പെട്ടിരുന്ന അനന്തകുമാർ ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ ശക്തനായ മുഖമായിരുന്നു. പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോൾ 2003ൽ ബി.ജെ.പിയെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
അർബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന കേന്ദ്ര പാർലമെന്ററികാര്യ, രാസവള വകുപ്പ് മന്ത്രി എച്ച്.എൻ അനന്ത്കുമാർ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ബംഗളൂരുവിലായിരുന്നു മരിച്ചത്.1996 മുതൽ ആറു തവണ ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അനന്ത് കുമാർ കർണാടക ബി.ജെ.പി അദ്ധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തിരിച്ച് വന്ന ശേഷം ബംഗളൂരുവിലെ ശങ്കർ കാൻസർ റിസർച്ച് സെന്ററിൽ ചികിത്സയിലായിരുന്നു. ലാൽബാഗ് റോഡിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാഷണൽ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് ചാമരാജ് പേട്ട ശ്മശാനത്തിൽ നടക്കും.
1959 ജൂലായ് 22 ന് ബംഗളൂരുവിലാണ് ജനനം. ഹൂബ്ലി കെ.എസ് ആർട്‌സ് കോളേജിൽ നിന്ന് ബിരുദവും ജെ.എസ്.എസ് ലാ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ഡോ.തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവർ മക്കളാണ്.
തുടക്കം എ.ബി.വി.പിയിലൂടെ
എ.ബി.വി.പിയിലൂടെയാണ് അനന്ത് കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1985ൽ എ.ബി.വി.പി ദേശീയ സെക്രട്ടറി, തുടർന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി. ആദ്യമായി ലോക്സഭയിലെത്തുന്നത് 1996ൽ. 1998ലെ വാജ്പേയി മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായെത്തുമ്പോൾ ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാർ. 1999ലും എൻ.ഡി.എ സർക്കാറിൽ മന്ത്രി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്‌കാരികം, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2003ൽ കർണാടക ബി.ജെ. പി അദ്ധ്യക്ഷൻ. തൊട്ടടുത്തവർഷം ദേശീയ സെക്രട്ടറി. മോദി സർക്കാരിൽ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2016 ൽ പാർലമെന്ററികാര്യവും ലഭിച്ചു.
ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ കരുത്ത്
കർണാടകയിൽ ബി.ജെ.പിയെ നിർണായക ശക്തിയാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള നേതാവാണ് അനന്ത്കുമാർ. രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ ജി.എസ്.ടി ബിൽ പാസാക്കുന്നതിനുള്ള സർക്കാരിന്റെ നീക്കങ്ങളിൽ സുപ്രധാന പങ്കാണ് അനന്ത്കുമാറിനുണ്ടായിരുന്നത്. ജി.എസ്.ടിയിൽ എല്ലാ കക്ഷികളുടെയും സഹകരണം ഉറപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു.