neyyattinkara-murder-case

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ മർദ്ദിച്ച് കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ‌ഡിവൈ.എസ്.പിക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ആവശ്യത്തിന് പണം എത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തിനുശേഷം കഴിഞ്ഞ ഏഴുദിവസമായി തമിഴ്നാട്ടിൽ മാറി മാറി കഴിയുന്ന ഡിവൈ.എസ്.പി ഹരികുമാറിന് ഒളിവിൽ കഴിയാനും നിയമ സഹായത്തിനും ക്വാറി, റിസോർട്ട് മാഫിയയിൽപ്പെട്ടവരും ചില ഉറ്റ സുഹൃത്തുക്കളും പണവും മറ്റ് സഹായങ്ങളും എത്തിച്ചുകൊടുക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഡിവൈ.എസ്.പിയുമായി ഉറ്റ സൗഹൃദം പുലർത്തുന്ന ഇവർ നേരിട്ട് ഒളിത്താവളങ്ങളിലെത്തിയാണ് പണവും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എത്തിച്ചുകൊടുക്കുന്നത്. ഇവരിൽ ചിലരുടെ ഫോണിൽ നിന്നാണ് ഡിവൈ.എസ്.പി നിയമ വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുകയും മുൻകൂർ ജാമ്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളായ ചിലരുൾപ്പെടെ അരഡസനോളം പേരുടെ മൊബൈൽ ഫോൺ നമ്പരുകൾ അന്വേഷണ സംഘം ഇതോടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരിൽ പലരും തമിഴ്നാട്ടിൽ ഡിവൈ.എസ്.പി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഡിവൈ.എസ്.പിയെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചതുമായി ബന്ധപ്പെട്ട് തൃപ്പരപ്പിൽ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷിനെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഡിവൈ.എസ്.പിക്ക് ഒളിവിൽ കഴിയുമ്പോൾ ഉപയോഗത്തിനായി തന്റെ ആധാർ കാർഡുകളുപയോഗിച്ച് രണ്ട് സിം കാർഡുകൾ എടുത്ത് നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സതീഷിനെ 24 വരെ കോടതി റിമാൻഡ് ചെയ്തു.

ഡിവൈ.എസ്.പി ഹരികുമാറിനും ഒപ്പുമുണ്ടായിരുന്ന സുഹൃത്ത് ബിനുവിനും രക്ഷപ്പെടാൻ പാറശാല രജിസ്ട്രേഷനുള്ള സ്വിഫ്റ്റ് കാറും അത് ഓടിക്കാൻ തന്റെ ഡ്രൈവറായ നെടുമങ്ങാട് സ്വദേശിയേയും താനാണ് ഏർപ്പാട് ചെയ്തുകൊടുത്തതെന്ന് സതീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളിൽ നിന്ന് കാറിന്റെ രജിസ്ട്രേഷൻ നമ്പർ മനസിലാക്കിയ അന്വേഷണ സംഘം തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലെയും ജംഗ്ഷനുകളിലേയും സി.സി.ടി.വി കാമറകളുടെ സഹായത്തോടെ കാർ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പിയുടെ കാർ കല്ലറയിലെ കുടുംബവീട്ടിൽ എത്തിച്ചതിന് ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയുടെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. നാടിനെ നടുക്കിയ കൊലപാതകം ഒരാഴ്ച പിന്നിടുമ്പോൾ സർക്കാരും പൊലീസും കടുത്ത സമ്മർദ്ദത്തിലായിട്ടും കീഴടങ്ങാൻ തയ്യാറാകാത്ത ഡിവൈ.എസ്.പി ഹരികുമാറിനെ ഏത് വിധേനയും കുടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പൊലീസിന് ഏറെ പേരുദോഷമുണ്ടാക്കിയ സാഹചര്യത്തിൽ കീഴടങ്ങാൻ അവസരമൊരുക്കാതെ എത്രയും പെട്ടെന്ന് ഹരികുമാറിനെ പിടികൂടണമെന്നാണ് മേലുദ്യോഗസ്ഥരുടെ നിർദേശം.

ഇതനുസരിച്ച് അന്വേഷണ ചുമതല വഹിക്കുന്ന ഐ.ജി ശ്രീജിത്ത് തമിഴ്നാട്ടിലെ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഒളിത്താവളങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഹരികുമാറുമായി തങ്ങൾ വളരെ അകലത്തിലല്ലെന്ന ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനലിന്റെ ഭാര്യ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനിരിക്കെ വിഷയം കോടതി പരിഗണിക്കും മുമ്പ് ഹരികുമാറിനെ പിടികൂടി മാനം രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് കിണഞ്ഞുശ്രമിക്കുന്നത്.