പാറശാല: ധനുവച്ചപുരത്ത് ഡി.വൈ.എഫ്.ഐ- ആർ.എസ്.എസ് സംഘർഷം അയയുന്നില്ല. കഴിഞ്ഞദിവസം നടന്ന സംഘർഷത്തിൽ ഗർഭിണിയും കൈക്കുഞ്ഞും, വയോധികയും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഫീസടയ്ക്കാനെത്തിയ ധനുവച്ചപുരം വി.ടി.എം എൻ.എസ് .എസ് കോളേജിലെ വിദ്യാർത്ഥിയും എ.ബി.വി.പി പ്രവർത്തകനുമായ ശ്രീവരുണിനെ എസ്.എഫ്.ഐ പ്രവർത്തകർ വെള്ളിയാഴ്ച ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളിൽ നടത്തിയ ആക്രമണത്തിൽ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന്പേർക്ക് പരിക്ക് പറ്റി. ധനുവച്ചപുരം ചാരുവിളാകം സ്വദേശികളായ ദായി (72), ഗർഭിണിയായ ആതിര(26), ആതിരയുടെ കൈക്കുഞ്ഞ് തുടങ്ങിയവരെ പരിക്കുകളോടെ നെയ്യാറ്റിൻകര ജന: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിൽ മുഖംമൂടി ധരിച്ചെത്തിയ ആർ.എസ്.എസുകാരുടെ ആക്രമണത്തിൽ ഡിവൈഎഫ്. ഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. കൊല്ലയിൽ മഞ്ചവിളാകം ചാരുവിളാകത്ത് രത്നവിലാസം വീട്ടിൽ രത്നാകരന്റെ മകൻ രാഹുലിനാണ് (33) വെട്ടേറ്റത്. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രാഹുൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലാണ്.
സംഭവത്തെ തുടർന്ന് ഒരു ആർ.എസ്.എസ് പ്രവർത്തകനെ മാരായമുട്ടം പൊലീസ് പിടികൂടി.കൊല്ലയിൽ, മഞ്ചവിളാകം ലാൽ കൃഷ്ണാ ഭവനിൽ വിജയകുമാറിന്റെ മകൻ ലാൽകൃഷ്ണനെയാണ് (36) പിടികൂടിയത്.കൂടെയുണ്ടായിരുന്ന ആർ എസ്.എസ് പ്രവർത്തകരായ മറ്റു മൂന്ന് പേർക്കു വേണ്ടി ചെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.