excise

കൊച്ചി: അഞ്ച് ലക്ഷം രൂപയുടെ വൻ ലഹരിമരുന്ന് ശേഖരവുമായി എക്സൈസ് എൻഫോഴ്സ്മെന്റിന്റെ പിടിയിലായ ഇടനിലക്കാരന് ആംപ്യൂളുകളും മയക്കുമരുന്ന് ഗുളികകളും എത്തിച്ച് നൽകിയത് ഡൽഹി സംഘമെന്ന് വിവരം. ഇത് സംബന്ധിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

പള്ളുരുത്തി പെരുമ്പടപ്പ് കോണം കട്ടത്തറ വീട്ടിൽ ഗുലാബ് (46) ആണ് ലഹരിമരുന്നുകളുമായി പിടിയിലായത്. 503 ആംപ്യൂളുകളും 140 നൈട്രസെപാം ഗുളികകളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ലഹരി മരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ഗുലാബിൻ ലഹരിക്ക് അടിമയാണ്. കേസിൽ കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും പിന്നീട് ലഹരിവിമുക്തി സെന്ററിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെ ഗുലാബിനെ ഡി അഡിക്ഷൻ സെറ്ററിലേക്ക് മാറ്റി.
പനയപ്പിള്ളിയിൽ വാടകയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്. ഈ വീട് കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. കേവലം 35 രൂപയ്ക്ക് ലഭിക്കുന്ന ലഹരി മരുന്ന് ഇയാൾ 1000 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. ആവശ്യക്കാർക്ക് ഇഞ്ചക്ഷൻ ചെയ്ത് കൊടുക്കുന്ന പ്രതി ഒരേ സിറിഞ്ച് തന്നെയാണ് എല്ലാവരിലും ഉപയോഗിച്ചിരുന്നത്. ബുപ്രിനോർഫിൻ കാൻസർ രോഗത്തിന് വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ്. ഇത് ഒരു ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. ടി.ഡി.ജെസിക്ക് എന്ന ബ്രാൻഡിലെ ഒരു ആംപ്യൂളിൽ രണ്ട് ഗ്രാം ബൂപ്രിനോർഫിൻ അടങ്ങിയിട്ടുണ്ട്.

സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ.എസ്.ജയൻ,കെ.ആർ.രാമപ്രസാദ്,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം.റോബി,പി.എക്സ്.റൂബൻ,എൻ.പി.ബിജു,സി.ജി.ഷാബു,രഞ്ജു എൽദോ തോമസ്,പി.ഇ.ഉമ്മർ,എം.വി.ജിജി മോൾ, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പരസ്പര വിരുദ്ധമായ മൊഴി

പ്രതിയെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായി മറുപടികളാണ് ഇയാൾ നൽകുന്നത്. ആരാണ് ആംപ്യൂളുകൾ നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ചില സൂചനകൾ പ്രതി നൽകിയിട്ടുണ്ട്. ഡിഅഡിക്ഷൻ സെറ്ററിൽ കഴിയുന്ന പ്രതി ചികിത്സയിലാണ്.