കോട്ടയം: വ്യാജ പൊലീസ് റിക്രൂട്ട്മെന്റ് നടത്തിയ 'എ.സി.പി ' രവിക്ക് സേനയിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം. ടൗണിലും സമീപ ഗ്രാമങ്ങളിലുമുള്ള ചില റിട്ടയേർഡ് പൊലീസ് ഉദ്യോേഗസ്ഥർ ഇവർക്ക് നിയമോപദേശങ്ങളും മറ്റ് സഹായങ്ങളും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ദീർഘകാലം പൊലീസ് സേനയിൽ ജോലിചെയ്തിരുന്ന ചില ഉദ്യോഗസ്ഥരെ അന്വേഷണ സംഘം നിരീക്ഷണ വലയത്തിലാക്കി.
അതേസമയം കരസേനയിലേക്കും മറ്റും വ്യാജ റിക്രൂട്ട്മെന്റ് നടത്താനും ഇവർ പദ്ധതി തയാറാക്കിയിരുന്നതായി അറിവായിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ പൊലീസ് തയാറായില്ല.
ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് വഴി സെലക്ട് ചെയ്ത സംഘത്തിന് കടുവാക്കുളത്തെ എമ്മാവൂസ് സ്കൂൾ ഗ്രൗണ്ടിൽ ട്രെയിനിംഗ് നല്കിവരുന്നതിനിടയിലാണ് ഇവരെ പൊലീസ് പൊക്കിയത്. തൃശൂരിൽ ഒരു സംഘത്തിന് ട്രെയിനിംഗ് നല്കിയ ശേഷമാണ് ഇവർ കോട്ടയത്തെത്തിയത്. ഇവിടെനിന്നും ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് യുവാക്കളെ പരിശീലനത്തിന് തിരഞ്ഞെടുക്കാൻ തീയതി നിശ്ചയിച്ച് ജോലികൾ പുരേഗമിച്ചുവരുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
പൊലീസ് അറസ്റ്റിലായ ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), കൊല്ലാട് വട്ടക്കുനനേൽ പി.പി.ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവർ റിമാൻഡിലാണ്. ഇവരെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
ആകെ ഒൻപതു പ്രതികളാണ് ഉള്ളത്. ഇതിൽ ആറ് പേർ ഒളിവിലാണ്. ഇവരുടെ സങ്കേതത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സംഘത്തലവൻ രവി സംസ്ഥാനം വിട്ടതായി അറിവായിട്ടുണ്ട്.
എസ്.എസ്.എൽ.സി പാസാകാത്തവരെ കോൺസ്റ്റബിൾ തസ്തികയിൽ നിയമനം നല്കാമെന്ന് പറഞ്ഞ് ട്രെയിനിംഗിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. എന്നാൽ ഡിഗ്രി കരസ്ഥമാക്കിയവരാണ് ഏറെയും. കൂടാതെ പോസ്റ്റ് ഗ്രാഡ്വേറ്റ്സും ഇവരുടെ വലയിൽ കുടുങ്ങി ട്രെയിനിംഗ് നടത്തിവരികയായിരുന്നു.
നാട്ടിലും കോട്ടയം നഗരത്തിലും പൊലീസ് യൂണിഫോമിൽ ചുറ്റിക്കറങ്ങിയിട്ടും ഇവരെ തിരിച്ചറിയാൻ കഴിയാത്തതിൽ ദുരൂഹതയുണ്ട്. നാട്ടിലുള്ളവർ രവിയും മറ്റും പൊലീസിൽ ജോലിചെയ്യുകയാണെന്നാണ് കരുതിയിരുന്നത്. ഇവർ പിടിയിലായതോടെയാണ് തട്ടിപ്പുകാരാണെന്ന് മനസിലായത്.