ലോകത്തിൽ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെടുന്നതെന്തിനെയായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരം 'എന്നെത്തന്നെ" എന്നായിരിക്കും. കാഴ്ച കണ്ണുകൾ കാണുന്നതിനു മുൻപ് തന്നെ അതിനു മുന്നിൽ തിരശ്ശീലയിട്ട് കാമറ അതൊപ്പിയെടുക്കുന്നു. കണ്ണുകൾക്ക് പകരം എല്ലാം കാണുന്നത് കാമറകളാണ് അതുകൊണ്ട് തന്നെ കാമറയിലൂടെ 'എന്നെ"കാണുന്നതും വളരെ ഇഷ്ടം. പക്ഷേ അത്തരം ഇഷ്ടങ്ങൾ അതിരുകടക്കുമ്പോൾ ഏതറ്റം വരെയും പോകാൻ തയ്യാറാവുകയും ആ 'സാഹസികത" പിന്നെ മരണത്തിലേക്കുള്ള കവാടമായിത്തീരുകയും ചെയ്യുന്നു.
ഏറ്റവും അപകടകരമായ സെൽഫി എടുക്കാനുള്ള ത്വരയിൽ 2011 നും 2017 നുമിടയിൽ പൊലിഞ്ഞത് 259 ജീവനുകളാണെന്ന് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. സെൽഫി മരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ,യു.എസ്, പാക്കിസ്ഥാൻ എന്നിവരാണ് തൊട്ടു പിന്നിൽ.സെൽഫി മരണങ്ങൾ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ എന്നത് നമ്മുടെ അലംഭാവത്തെയും സമൂഹ മാധ്യമങ്ങളോടുള്ള അടിമത്തത്തെയും സൂചിപ്പിക്കുന്നു.ട്രെയിനിന് മുകളിൽ നിന്നും, പാളത്തിൽ കിടന്നും സെൽഫിയെടുക്കാൻ തുടങ്ങിയപ്പോൾ സെൽഫിക്കു വേണ്ടി പ്രത്യേകയിടങ്ങൾ ഇന്ത്യൻ റെയിൽവേയ്ക്ക് ഒരുക്കേണ്ടി വന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംഭാവനയാണ് 'സെൽഫി" എന്ന വാക്ക്. സെൽഫിയെടുക്കുന്നതിനിടെ മരണപ്പെടുന്നതിനെ 'സെൽഫിസൈഡ്" എന്ന് പറയുന്നു. ഉയരങ്ങളിൽ നിന്ന് വീണും ആളങ്ങളിൽ മുങ്ങിയും പാഞ്ഞു വരുന്ന വണ്ടികൾക്ക് മുന്നിൽ അപകടങ്ങളിൽപ്പെട്ടും പൊലിയുന്ന ജീവനുകൾ സ്വയം ഒരു ഫ്രെയിമിനുള്ളിൽ ഒതുങ്ങാൻ ശ്രമിച്ചതിന്റെ ബാക്കിപത്രങ്ങളാണിവ. യു.എസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നത് അപകടകരമായ സ്ഥലങ്ങളിൽ 'നോ സെൽഫി സോൺ" ഉണ്ടാവണമെന്നാണ്.
'സെൽഫിറ്റെസ് " എന്ന വാക്ക് സെൽഫി ഭ്രമക്കാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.അമേരിക്കൻ സൈക്യാട്രിക്ക് അസോസിയേഷൻ അമിതമായ സെൽഫി ഭ്രമത്തെ മാനസിക രോഗമായി അംഗീകരിച്ചിരിക്കുന്നു. തന്റെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കുക,സമൂഹവുമായുള്ള അകലം കുറയ്ക്കുക എന്നിവയാണ് ഇവരുടെ പൊതു ലക്ഷ്യം.ഇവരെ മൂന്ന് വിഭാഗമായി തരം തിരിച്ചിരിക്കുന്നു. ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും സെൽഫിയെടുക്കുന്നവരാണ് ആദ്യ വിഭാഗം എന്നാൽ ഇവരിത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറില്ല. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരാണ് രണ്ടാമത്തെ വിഭാഗം. ദിവസം മുഴുവൻ സെൽഫിയെടുക്കുകയും ആറ് തവണയെങ്കിലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരാണ് ഏറ്റവും അപകടകാരിയായ വിഭാഗം.
ഇന്ത്യൻ വിദ്യാർത്ഥികളിൽ നടത്തിയ പഠനം 'ഇന്റർനാഷണൽ ജേണൽ ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷ "നിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സെൽഫി പോസ്റ്റ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്നു, ആത്മവിശ്വാസം കൂടുന്നു, സന്തോഷം ലഭിക്കുന്നു, സെൽഫി പോസ്റ്റ് ചെയ്തില്ലെങ്കിൽ സമപ്രായക്കാരിൽ നിന്ന് ഒറ്റപ്പെടുന്നു എന്ന തോന്നൽ എന്നിങ്ങനെയാണ് ഗവേഷണഫലങ്ങൾ. ഇപ്പോൾ സെൽഫിയെടുക്കുക മാത്രമല്ല അതിൽ എഡിറ്റിംഗ് നടത്തി മനോഹരമാക്കിയതിനുശേഷമാണ് പോസ്റ്റ് ചെയ്യുക.യഥാർത്ഥത്തിൽ എന്നെ കാണാൻ മോശമാണ് എന്ന ചിന്ത,വെളുത്ത് നിറത്തിനോടുള്ള അമിത താത്പര്യം എന്നിവ 'ബ്യൂട്ടിഫിക്കേഷൻ" എന്ന തന്ത്രം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ഫലമോ, സമൂഹ മാധ്യമങ്ങളിൽ കാണുന്ന പലരെയും നേരിൽ കാണുമ്പോൾ 'ആ ഭംഗി"യുണ്ടാവില്ല. സമൂഹ ജീവിയായ മനുഷ്യന് തന്റെ അസ്തിത്വവും മറ്റുള്ളവരുടെ അംഗീകാരവും പരമപ്രധാനമാണ്. സമൂഹ മാധ്യമങ്ങളുടെ പ്രചുരപ്രചാരം സൂചിപ്പിക്കുന്നതും അത് തന്നെ.അതിനാൽ തന്റെ സ്വത്വം ഊട്ടിയുറപ്പിക്കുന്നതിനുള്ള മാർഗ്ഗമായി സെൽഫി മാറി. ഞെട്ടറ്റു വീഴുന്ന നിമിഷത്തെ കാമറാ കണ്ണിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നതിനിടയിൽ ഞെട്ടറ്റ് വീഴരുതേ ജീവിതം.