ലണ്ടൻ: 26പ്രശസ്ത ബോളിവുഡ് താരങ്ങൾ, 20 മിനുട്ട് ചെലവഴിക്കുന്നതിന് ഓരോരുത്തർക്കും 10 കോടിരൂപ...താരങ്ങളുമായി സല്ലപിക്കാൻ ബഹ്റീൻ രാജകുടുംബാംഗം ഷെയ്ഖ് ഹമാദ് ഇസാ അലി അൽ ഖലീഫ ഉണ്ടാക്കിയ കരാറിന്റെ ബഡ്ജറ്റാണിത്. താരങ്ങളിലുള്ളതോ, ഐശ്വര്യ റായി, ദീപിക പദുക്കോൺ, കരിഷ്മ കപൂർ, നടന്മാരായ സഞ്ജയ് ദത്ത്, അനിൽ കപൂർ തുടങ്ങിയവരുടെ നീണ്ടനിരയും.
പക്ഷേ, ലിസ്റ്റിലുള്ള ആദ്യത്തെ 4 പേരെ കണ്ടപ്പോഴേക്കും കക്ഷിക്ക് മടുത്തു. പിന്നാലെ കരാറിൽനിന്ന് പിന്മാറുകയും ചെയ്തു. അവിടെയാണ് സംഗതിയുടെ ട്വിസ്റ്റ്. കരാറിൽനിന്ന് പിന്മാറിയ ഷേയ്ഖിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ 300 കോടിരൂപയുടെ നഷ്ടപരിഹാരക്കേസ് നൽകിയിരിക്കുകയാണ് പരിപാടിയുടെ ഏജന്റായിരുന്ന ഈജിപ്തുകാരൻ അഹമ്മദ് ആദേൽ അബ്ദല്ല അഹമ്മദ്. 26 ബോളിവുഡ് താരങ്ങളുടെ പട്ടിക തയാറാക്കി ഷെയ്ഖ് തന്നെ ഏൽപ്പിച്ചിരുന്നുവെന്ന് അഹമ്മദ് പറയുന്നു.
ദുബായിലെയും ഇന്ത്യയിലെയും പഞ്ചനക്ഷത്രഹോട്ടലുകളിൽവച്ച് ഇവരെ കണ്ടുമുട്ടാനായിരുന്നു പദ്ധതി.
ഇതിനുപുറമെ, ടൈംസ് ഒഫ് ഇന്ത്യ ഫിലിം അവാർഡ് നാലുകോടി രൂപയ്ക്ക് സ്പോൺസർ ചെയ്യാമെന്ന കരാറിൽനിന്നും ഷെയ്ഖ് പിന്മാറിയെന്നും അഹമ്മദ് ആരോപിക്കുന്നു. കരാർ ലംഘനത്തിലൂടെ തനിക്കുണ്ടായ സാമ്പത്തികബാദ്ധ്യത പരിഹരിക്കുന്നതിനാണ് അഹമ്മദ് കേസ് നൽകിയിരിക്കുന്നത്. എന്നാൽ അഹമ്മദ് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്നാണ് ഷെയ്ഖ് അഭിഭാഷകൻ മുഖേന അറിയിച്ചിരിക്കുന്നത്.