പശ്ചാത്തലം തികച്ചും വ്യത്യസ്തമായ രണ്ടു രാജി വാർത്തകൾ സൃഷ്ടിക്കാനിടയുള്ള പ്രതികരണങ്ങളിലൂടെയാണ് സംസ്ഥാനം കഴിഞ്ഞദിവസം കടന്നുപോയത്. മന്ത്രി കെ.ടി. ജലീലിനെയും വലിയ ഒരളവിൽ സർക്കാരിനെയും പിടിച്ചുലച്ച ബന്ധു നിയമന വിവാദം കെ.ടി. അദീബിന്റെ രാജിയോടെ താത്കാലികമായെങ്കിലും അവസാനിക്കുമെന്നു കരുതാം. എല്ലാ അർത്ഥത്തിലും നിയമത്തിനും നീതിക്കും സാമാന്യ മര്യാദകൾക്കും നിരക്കാത്തതായിരുന്നു ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ കെ.ടി. അദീബിന്റെ നിയമനം. ഇതിനെതിരെ പ്രതിപക്ഷ കേന്ദ്രങ്ങളിൽ നിന്നും നിഷ്പക്ഷമതികളിൽ നിന്നും ഉയർന്ന വിമർശനങ്ങളും ആക്ഷേപങ്ങളും വൃഥാവിലായില്ലെന്നതിൽ സന്തോഷിക്കാം. രാജി കുറച്ചുകൂടി നേരത്തെ വേണ്ടതായിരുന്നു. സർക്കാരിനും മന്ത്രി ജലീലിനും അതുകൂടുതൽ ആശ്വാസകരമായേനെ.
കേരള സർവകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള ഡോ. ജൂബിലി നവപ്രഭയുടെ രാജി തികച്ചും അപ്രതീക്ഷിതമാണെന്നു പറയാം. കരാർ നിയമനം വഴി ഡയറക്ടർ പദവിയിലെത്തിയ ഡോ. ജൂബിലി നവപ്രഭയെ തസ്തിക സ്ഥിരപ്പെടുത്തി ഉയർന്ന ശമ്പളത്തിൽ തുടരാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതിനെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് അവർ പദവി ഉപേക്ഷിച്ച് വിമർശകർക്ക് ചുട്ട മറുപടി നൽകിയിരിക്കുന്നത്. മരാമത്ത് മന്ത്രി ജി. സുധാകരന്റെ പത്നിയായ ഡോ. നവപ്രഭ ആത്മാഭിമാനം പണയപ്പെടുത്തി പദവിയിൽ തുടരാൻ ലവലേശം ആഗ്രഹമില്ലാത്തതുകൊണ്ടാണ് പദവി ഒഴിയുന്നതെന്ന് പരസ്യ പ്രസ്താവനയും നടത്തി. തന്റെ നിയമനം വഴി മന്ത്രിയായ ഭർത്താവിന് ഒരു ദുഷ്പേരുണ്ടാകരുതെന്നും അവർക്ക് ആഗ്രഹമുണ്ട്. തന്റെ നിയമനം കരുവാക്കി ഭർത്താവായ മന്ത്രിയെയും അതിലൂടെ സർക്കാരിനെയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ചില കേന്ദ്രങ്ങൾ നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങൾക്ക് ഇതോടെ നില ഇല്ലാതാവുകയാണ്. ഡയറക്ടറുടെ തസ്തിക സ്ഥിരപ്പെടുത്താനോ ഉയർന്ന ശമ്പളം നിശ്ചയിക്കാനോ ഒരിക്കലും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്നും ഡോ. ജൂബിലി നവപ്രഭ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിവാദം ഉയർന്ന ഘട്ടത്തിൽതന്നെ പദവി വലിച്ചെറിയാൻ തയ്യാറായ അവരുടെ നിലപാട് ആർജവമുള്ളതും അഭിനന്ദനീയവുമാണ്. ഏതുവിധേനയും ഒരു കസേര തരപ്പെട്ടാൽ അതിൽ നിന്നിറങ്ങാൻ മടിക്കുന്നവർ അരങ്ങ് വാഴുന്ന നാട്ടിൽ ഇതുപോലുള്ളവരും ഉണ്ടെന്നുള്ളത് സ്വാഗതാർഹമായ കാര്യമാണ്. ഏതു തലത്തിലുള്ള നിയമനങ്ങളും സുതാര്യവും പക്ഷപാതമില്ലാത്തതും ആക്ഷേപങ്ങൾക്കിട നൽകാത്തതുമാകണം എന്ന പൊതുതത്വം മാനിക്കപ്പെടുകതന്നെ വേണം.
സ്ഥിരം തസ്തികയായി ഉയർത്തി തന്നെ പ്രതിഷ്ഠിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് വഴങ്ങാതെ ജോലി തന്നെ ഉപേക്ഷിച്ച് വിമർശനങ്ങളുടെ മുനയൊടിക്കാൻ ആർജവം കാണിച്ചതിലൂടെ ഡോ. ജൂബിലി നവപ്രഭ പൊതുസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രമായെങ്കിൽ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ പദവിയിൽ നിന്നുള്ള കെ.ടി. അദീബിന്റെ രാജിക്ക് ഒട്ടുംതന്നെ തിളക്കമില്ലെന്ന് പറയേണ്ടിവരും. മന്ത്രി കെ.ടി. ജലീലിന്റെ പിതൃസഹോദരന്റെ പൗത്രനായതുകൊണ്ടുമാത്രം ജനറൽ മാനേജർ പദവിയിലെത്തിയ ആളാണദ്ദേഹം. നിയമനത്തിനാവശ്യമായ യോഗ്യത ഇല്ലാതിരുന്നിട്ടും ബന്ധു ബലത്തിലാണ് അദ്ദേഹം ഇവിടെ കയറിപ്പറ്റിയത്. നിയമനം സാധൂകരിക്കുന്നതിനായി മന്ത്രിക്ക് ഒരുപാട് കള്ളങ്ങൾ പറയേണ്ടിവന്നു. മന്ത്രിയെന്ന നിലയിലുള്ള തന്റെ പ്രവൃത്തികളിൽ ഒരു പക്ഷപാതവും ഉണ്ടാവുകയില്ലെന്നു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ഒരു മന്ത്രിക്ക് ചേരുന്നതായിരുന്നില്ല അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ജലീൽ ഇതിനകം നടത്തിയ പരസ്യപ്രസ്താവനകൾ. വസ്തുതകൾ മൂടിവയ്ക്കാനും മറച്ചുപിടിക്കാനും നടത്തിയ ഓരോ ശ്രമവും കൂടുതൽ കൂടുതൽ സത്യങ്ങൾ പുറത്തു കൊണ്ടുവരികയാണ് ചെയ്തത്. വാർത്താവിനിമയ രംഗത്തുണ്ടായ പുരോഗതിയുടെ ഫലമായി ഒളിക്കാൻ നോക്കുന്ന ഏതു വിവരവും ഇന്ന് ആർക്കും ലഭ്യമാകുമെന്ന സ്ഥിതിയാണ്. അദീബിന്റെ നിയമനത്തിലുടനീളം വ്യവസ്ഥാപിതമായ സകല നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് കാണാൻ കഴിയുക.യോഗ്യരായ അപേക്ഷകരെ തള്ളിക്കളഞ്ഞ് അപേക്ഷ പോലും നൽകാത്ത ഒരാളെ വിളിച്ചുവരുത്തി നിയമന ഉത്തരവ് കൈയിൽ വച്ചു കൊടുക്കണമെങ്കിൽ അതിനു പിന്നിൽ നടന്നിട്ടുള്ള അവിഹിത സ്വാധീനവും ഭരണതലസമ്മർദ്ദവും എത്രമാത്രം വലുതായിരിക്കുമെന്ന് ഊഹിക്കാനാകും. വകുപ്പുമന്ത്രി തന്നെയാണ് ഈ അവിഹിത നിയമനത്തിനു പിന്നിലുള്ളതെന്നു വരുന്നത് വിഷയത്തിന്റെ ഗൗരവം പതിന്മടങ്ങു വർദ്ധിപ്പിക്കുകയാണ്. അവസാന മണിക്കൂർവരെ നിയമനത്തെ സാധൂകരിക്കാനും തെറ്റായ ഒന്നും നടന്നിട്ടില്ലെന്ന നിലപാടിൽ വിമർശകർക്കു നേരെ ഉണ്ടയില്ലാ വെടി ഉതിർക്കാനും ശ്രമിച്ച മന്ത്രിക്കെതിരെ ഉയർന്ന അപവാദങ്ങൾ തുടർന്നും നിലനിൽക്കുകയാണ്. ഉദ്യോഗസ്ഥൻ രാജിവച്ചൊഴിയുന്നതിലൂടെ മാത്രം തുടച്ചു കളയാവുന്നതല്ല ഈ ആക്ഷേപങ്ങൾ. കാര്യങ്ങൾ സത്യസന്ധമായാണ് നടന്നതെന്നു മന്ത്രിയും അദ്ദേഹത്തിന്റെ ആൾക്കാരും മാത്രം പറഞ്ഞതുകൊണ്ടായില്ല. സത്യം ജനങ്ങൾക്കും കൂടി ബോദ്ധ്യമാകണം. അദീബിന്റെ നിയമനത്തിൽ അത് കണികാണാൻ പോലുമില്ലാതിരുന്നതിനാലാണ് മന്ത്രി ഇത്രയേറെ പഴി കേൾക്കേണ്ടിവന്നത്.