തിരുവനന്തപുരം: ഒരു ഡോക്ടർ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചശേഷം എത്ര രോഗികളെ പരിശോധിക്കും? പല ഡോക്ടർമാരും കണക്കു സൂക്ഷിക്കാറില്ല. എന്നാൽ ഡോ. കെ.പി. പൗലോസിന്റെ കൈയിൽ കണക്കുണ്ട് -21,000. അതിലേറെയും പ്രമേഹ രോഗികൾ. പ്രിൻസിപ്പൽ കൺസൾട്ടന്റ് ഇൻ മെസിസിൻ ആയി സേവനം അനുഷ്ഠിച്ചുവരവേ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡോ. പൗലോസ് ഇപ്പോൾ തലസ്ഥാന നഗരത്തിലുണ്ട്, 83ന്റെ ചുറുചുറുക്കോടെ. ഓരോ വർഷം കഴിയുന്തോറും പ്രമേഹ രോഗികളുടെ എണ്ണം കൂടി വരികയാണന്ന് ഡോ. പൗലോസ് പറയുന്നു. വീട്ടിൽ നിന്ന് ആഹാരം കഴിക്കുന്ന ശീലം മലയാളികളിൽ കുറഞ്ഞതാണ് പ്രധാന കാരണം. ഫാസ്റ്റ് ഫുഡിലും ഹോട്ടൽ ആഹാരത്തിലും കലോറി കൂടുതലാണ്. അത് ദുർമേദസ് അടിഞ്ഞു കൂടുന്നതിനും അധികം വൈകാതെ പ്രമേഹരോഗത്തിന് അടിപ്പെടുകയും ചെയ്യും. നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ പ്രമേഹ രോഗികളായി മാറിക്കൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളിൽ കുറച്ചുകാലം മുമ്പു വരെ പ്രമേഹ ബാധിതരുടെ എണ്ണം കുറവായിരുന്നു. എന്നാൽ നഗരവത്കരണം എല്ലായിടത്തും എത്തിയതോടെ അതും മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എസ്.യു.ടി ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റ് ചീഫ് ഫിസിഷ്യനാണ് ഡോ. പൗലോസ്.
പ്രമേഹം 4 വിധം
1 ടെപ്പ് വൺ - കുട്ടികളെ ബാധിക്കുന്നത്
2 ടൈപ്പ് ടു - സാധാരണ എല്ലാവരിലും വരുന്നത്
3 ഗർഭിണികളെ ബാധിക്കുന്നത്
4 ചില മരുന്നുകളുടെ ഉപയോഗത്തെ തുടർന്നുണ്ടാകുന്നത്.
ഏറെ ഭയക്കണം ടൈപ്പ് വണ്ണിനെ
ഇത് ജനിതക കാരണം കൊണ്ടുണ്ടാകുന്ന രോഗമല്ല. ആർക്കൊക്കെ വരുമെന്ന് പ്രവചിക്കാനും സാദ്ധ്യമല്ല. ഇത് ബാധിക്കുന്ന കുട്ടികൾ മറ്റ് കുട്ടികളെ പോലെ കഴിയാൻ സാദ്ധ്യമല്ല. കൃത്യസമയത്ത് മരുന്നു കഴിക്കേണ്ടി വരും. പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. ഇത് കുട്ടികളിൽ മാനസിക സമ്മർദ്ദം കൂടുന്നതിനു കാരണമാകും.
പ്രമേഹത്തെ അകറ്റാൻ
പുകവലി നിർബന്ധമായും ഒഴിവാക്കണം
വ്യായാമം ശീലമാക്കണം
എന്തും വാരിവലിച്ചു കഴിക്കുന്ന ശീലം വേണ്ട, മിതത്വം പാലിക്കണം