atl12na
ശിവന്യ

ആറ്റിങ്ങൽ: അംഗൻവാടിയിൽ പോകാൻ ആട്ടോറിക്ഷ കാത്തുനിന്ന മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. കരിക്കകംകുന്ന് എം.എസ് നിവാസിൽ ഷിബു - ശാലിനി ദമ്പതികളുടെ മകൾ ശിവന്യയാണ് ​മരിച്ചത്. പൂവണത്തുമൂട് കരിക്കകംകുന്ന് റോഡിൽ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം.

അമ്മാവന്റെ (മാതൃസഹോദരൻ)​ മക്കൾക്കൊപ്പമാണ് ശിവന്യ എന്നും ആട്ടോയിൽ അംഗൻവാടിയിൽ പോകാറുള്ളത്. പതിവുപോലെ ഇന്നലെ അമ്മാവനും അമ്മായിയും കുട്ടികൾക്കൊപ്പം റോഡ് വക്കിൽ ആട്ടോ കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. ആട്ടോ വരുന്നത് കണ്ട് ശിവന്യ പെട്ടെന്ന് റോഡിന് സമീപത്തേക്ക് പോകുന്നതിനിടെ അമിതവേഗത്തിലെത്തിയ നാനോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെടുമ്പറമ്പ് എ.എസ് വില്ലയിൽ സജിത്താണ് കാർ ഓടിച്ചിരുന്നത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങൽ ട്രാഫിക് എസ്.ഐ ജയേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വലിയകുന്നിൽ നിന്ന് കാർ കസ്റ്റഡ‌ിയിലെടുത്തു. അവനവഞ്ചേരി ഗവ. എച്ച്.എസിലെ അംഗൻവാടി വിദ്യാർത്ഥിയാണ് ശിവന്യ. പോസ്റ്റുമോർട്ടത്തിനു ശേഷം സ്‌കൂളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് നാട്ടുകാർ അന്ത്യാഞ്ജലി അർപ്പിച്ചു. അവനവഞ്ചേരി സ്‌കൂളിൽ നാലാം ക്ലാസുകാരി ശിവാനി സഹോദരി.