ksrtc

നെടുമങ്ങാട് : ചെന്തുപ്പൂര്, പൂവത്തൂർ, കൈരളി നഗർ നിവാസികളുടെ യാത്രാദുരിതത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആകെയുള്ള ഒരു സിറ്റി സർവീസിനെ ആശ്രയിച്ചാണ് ഈ പ്രദേശത്തുകാരുടെ യാത്ര. കിഴക്കേക്കോട്ടയിൽ നിന്ന് ദിനം പ്രതി ആറ് ട്രിപ്പുകൾ. ഇതിലേതെങ്കിലുമൊന്ന് മുടങ്ങിയാൽ നാട്ടുകാർ പെട്ടതുതന്നെ. വേറെ യാത്രാവാഹനം കിട്ടാൻ പൂവത്തൂർ നിന്ന് ചെന്തുപ്പൂര് വരെ രണ്ടു കിലോ മീറ്ററിലേറെ നടക്കണം.

കിഴക്കേകോട്ട ഡിപ്പോയിൽ മികച്ച കളക്ഷൻ ലഭിക്കുന്ന സർവീസായിട്ടും മുടക്കമില്ലാതെ ഓടിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥയായിരുന്നു സർവീസ് മുടക്കത്തിന് അടുത്തകാലം വരെ ഉയർത്തി കാട്ടിയിരുന്ന ന്യായം. ഒന്നരവർഷം മുമ്പ് റോഡ് നവീകരണം പൂർത്തിയായതോടെ പുതിയ കാരണം തിരയുകയാണ് ഡിപ്പോ അധികൃതർ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ബസ് മുടങ്ങുമെന്നതാണ് നിലവിലെ അവസ്ഥ. രാവിലെ 6ന് എത്തേണ്ട ആദ്യ ട്രിപ്പ് നിശ്ചിത പോയിന്റിലെത്തുമ്പോൾ ഒരു മണിക്കൂറെങ്കിലും വൈകും. ലാസ്റ്റ് ട്രിപ്പ് രാത്രി എട്ടരയ്ക്ക് കൈരളി നഗറിൽ എത്തണം. യാത്രക്കാരുടെ ഭാഗ്യം പോലിരിക്കും ബസിന്റെ വരവും പോക്കും. മണ്ണന്തല-വട്ടപ്പാറ-ചെന്തുപ്പൂര്-പൂവത്തൂർ-ഇരിഞ്ചയം വഴി കൈരളി നഗറിലേക്കുള്ള സിറ്റി സർവീസാണ് യാത്രക്കാരെ പരീക്ഷിക്കുന്നത്. മണ്ണന്തല വരെ മാത്രമേ സമാന്തര സർവീസുകൾ ഉള്ളു. അതുകഴിഞ്ഞാൽ നടക്കുകയല്ലാതെ വേറെ വഴിയില്ല. രാത്രിയുള്ള നടത്തം ക്ലേശകരമാണ്. പ്രത്യേകിച്ച് വനിതകൾക്ക്. തെരുവു നായ്ക്കളെയും സാമൂഹ്യ വിരുദ്ധ സംഘങ്ങളെയും ഒരുപോലെ ഭയപ്പെടണം. ശനി, ഞായർ ദിവസങ്ങളിൽ മിക്കപ്പോഴും ബസ് വരാറില്ല. ഈ ദിവസങ്ങളിലെ യാത്ര നാട്ടുകാരും ഒഴിവാക്കിയിരിക്കുകയാണ്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ കാര്യമാണ് പരമകഷ്ടം. പരാതി പറഞ്ഞു മടുത്ത നാട്ടുകാർ പ്രക്ഷോഭ രംഗത്തിറങ്ങാനുള്ള പുറപ്പാടിലാണ്.