തിരുവനന്തപുരം : സർക്കാരിന്റെ ക്ഷേത്രപ്രവേശന വിളംബരാഘോഷം കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻവർഷങ്ങളിൽ വാർഷികോഘോഷം സംഘടിപ്പിക്കാത്ത സി.പി.എമ്മും സർക്കാരും ഇപ്പോൾ ക്ഷേത്രപ്രവേശന വിളംബരം കൊട്ടിഘോഷിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷിക ദിനാചരണം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ പോകാൻ ഭക്തർ പൊലീസ് സ്‌റ്റേഷനിൽ നിന്നു പാസ് എടുക്കണമെന്നതാണ് പുതിയ നിർദ്ദേശം. നാളെ എല്ലാ ആരാധനാലയങ്ങളിലും പോകാൻ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള പാസ് എടുക്കണമെന്ന് പറഞ്ഞാൽ അത് പ്രായോഗികമല്ല. ഭക്തജനങ്ങൾക്കെതിരേ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരായ പോരാട്ടമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. ആ പോരാട്ടത്തിൽ അന്തിമ വിജയം ഭക്തജനങ്ങൾക്കു തന്നെയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിനുള്ള സുവർണാവസരമായി കാണുന്നവരെ ജനം തിരിച്ചറിയും. ഉമ്മൻചാണ്ടി, എം.എം. ഹസൻ, ഭാരതീയ ദളിത് കോൺഗ്രസ് പ്രസിഡന്റ് കെ. വിദ്യാധരൻ, തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, പന്തളം സുധാകരൻ, കാവല്ലൂർ മധു, ആർ.വി. രാജേഷ്, എൻ.കെ. അനിൽകുമാർ, കാട്ടാംപള്ളി രാമചന്ദ്രൻ, കെ,ബി. ബാബുരാജ്, ആർ.പി. കുമാർ, എം.ജെ. പ്രസാദ്, ഷിബു, ലക്ഷ്മി, എ.സി. ചന്ദ്രൻ, എൻ.കെ. അനിരുദ്ധൻ, അച്യുതൻ, കുറക്കട മധു, എം.എൻ. മോഹൻ ഷാജി,ആറ്റിപ്ര അനിൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.