ramesh-chennithala

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകൾ പരിശോധിച്ചെന്ന ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വത്സൻ തില്ലങ്കേരി പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കുക മാത്രമല്ല, പൊലീസുകാരുടെ രേഖകളും പരിശോധിച്ചെന്ന് വ്യക്തമായതോടെ സംസ്ഥാന സർക്കാരിന്റെ പരാജയം ബോദ്ധ്യമായി. സംസ്ഥാനത്തെ പൊലീസ് തന്നെ ആർ.എസ്.എസിന്റെ ചൊൽപ്പടിക്കും ദയാദാക്ഷിണ്യത്തിനും വിധേയമായി നിൽക്കേണ്ടി വന്നത് ലജ്ജാകരമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നൽകണം. എൻ.എസ്.എസ് കരയോഗം ഓഫീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ സാധിക്കാത്തത് പ്രതിഷേധാർഹമാണ്. സർക്കാരിനോട് വിയോജിപ്പുള്ള സംഘടനകളുടെ ഓഫീസുകൾ അടിച്ചു തകർക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഒരു ഡസനോളം ഓഫീസുകളാണ് ഇതിനകം അടിച്ച് തകർത്തത്. കാര്യക്ഷമമായ അന്വേഷണം പോലും ഒന്നിലും നടക്കുന്നില്ല. .

ജലീൽ രാജിവയ്ക്കണം

ബന്ധു നിയമനത്തിൽ അദീബിന്റെ രാജി കൊണ്ട് പ്രശ്നം അവസാനിക്കില്ല. സ്വജനപക്ഷപാതത്തിലൂടെയും അഴിമതിയിലൂടെയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം പോലും തത്‌സ്ഥാനത്ത് തുടരാൻ അവകാശമില്ല. രാജി വച്ചില്ലെങ്കിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കും. മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം നീക്കം വിലപ്പോവില്ല.