nirbhaya
integrated care centre

തിരുവനന്തപുരം: നിർഭയ ഷെൽട്ടർ ഹോമിൽ താമസിക്കുന്ന ഗർഭകാലം മുതൽ ഗർഭാനന്തരം വരെയുള്ളവർക്ക് മികച്ച പരിചരണം നൽകുന്നതിനായി പ്രത്യേക ഹോം (ഇന്റഗ്രേറ്റഡ് കെയർ സെന്റർ) ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് 27.66 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി മന്ത്രി ശൈലജ അറിയിച്ചു.

നിർഭയ സെല്ലിന്റെ കീഴിൽ നിലവിൽ 12 ഷെൽട്ടർ ഹോമുകളിൽ ഏകദേശം 350 താമസക്കാരാണുള്ളത്. ഇവരിൽ ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും നവജാത ശിശുക്കൾക്കും ആവശ്യമായ സംരക്ഷണവും പ്രത്യേക പരിചരണവും ഉറപ്പുവരുത്തണം. ഇക്കാര്യം ബോധ്യമായതിനെ തുടർന്നാണ് പ്രത്യേക ഹോമിന് വനിത ശിശുവികസന വകുപ്പ് പദ്ധതി തയ്യാറാക്കിയത്.

യോഗ്യതയുള്ള അംഗീകൃത സർക്കാരിതര സംഘടനയെയാണ് ഹോമിന്റെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുന്നത്. ഇവിടത്തെ അന്തേവാസികളുടെ സ്വകാര്യതയ്ക്കായി നിർഭയയുടെ പേര് വിമൻ ആൻഡ് ചൈൽഡ് കെയർ ഹോം എന്നാക്കി മാറ്റിയിരുന്നു.നിർഭയ ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം നൽകുന്നതിന് മോഡൽ ഹോം സ്ഥാപിക്കുന്നതിന് 11.40 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ അധീനതയിലുള്ള പുലയനാർകോട്ട ഗവ. കെയർഹോം സ്ഥിതി ചെയ്യുന്ന വസ്തുവിൽ 2.78 കോടി രൂപ ചെലവഴിച്ച് പുതിയ നിർഭയ ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിനും ഭരണാനുമതിയായി.