02

കുളത്തൂർ: പൗണ്ടുകടവിന് സമീപം രാത്രിയിൽ വൻതോതിൽ കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചത് നഗരസഭ ആരോഗ്യ വിഭാഗം സ്‌പെഷ്യൽ സ്‌ക്വോഡ് കൈയോടെ പിടികൂടി. സംഭവത്തിൽ മാലിന്യം കയറ്റിവന്ന വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും വാഹനത്തിലുണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 3ന് ആയിരുന്നു സംഭവം. പരാതികളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഈ ഭാഗത്ത് നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡ് രാത്രികാലങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു.
രാത്രി 2ന് പൗണ്ടുകടവിനും സ്റ്റേഷൻകടവിനും ഇടയ്ക്കുള്ള റെയിൽവേ ട്രാക്കിൽ രണ്ട് ചാക്ക് നിറയെ കോഴിവേസ്റ്റ് തള്ളുന്നതായി കണ്ടെത്തി. തുടർന്ന് ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോഴിവേസ്റ്റുമായെത്തിയ വാഹനം പിടികൂടിയത്. ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് തുമ്പ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. നേരം പുലർന്നതോടെ സ്റ്റേഷൻകടവ് - പൗണ്ടുകടവ് റോഡിന്റെ ഒന്നര കിലോമീറ്റർ ഭാഗത്ത് 16 ഇടങ്ങളിൽ വൻതോതിലുള്ള കോഴിവേസ്റ്റ് നിക്ഷേപം കണ്ടെത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ നടത്തിയ അന്വേഷണത്തിൽ നിരവധി ഇറച്ചിക്കടകൾ നടത്തുന്ന ആലിഫ് എന്ന സ്ഥാപനത്തിൽ നിന്നുള്ളതാണ് ഇവയെന്ന് കണ്ടെത്തി. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥാപനത്തിന് നോട്ടീസ് നൽകി. ഇവിടെനിന്ന് സ്ഥിരമായി വേസ്റ്റെടുത്തിരുന്നത് സ്വകാര്യ ഏജൻസിയാണ്. കഴിഞ്ഞ നാല് ദിവസമായി ഇവർ ശേഖരിക്കാൻ വരാത്തതിനാൽ കുന്നുകൂടിയ വേസ്റ്റ് പൊതുസ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ വേസ്റ്റ് കൊണ്ടുപോകുന്ന ഏജൻസി ദിവസങ്ങളായി എത്താത്തതിനാൽ സ്ഥാപനത്തിന് സമീപം വലിയ പ്ലാസ്റ്റിക് വീപ്പകളിൽ ശേഖരിച്ച് ടാർപ്പ കൊണ്ട് മൂടിയിട്ടിരുന്നു. സ്ഥാപനത്തെ തകർക്കാൻ ആരോ മനപൂർവം റെയിൽവേ ട്രാക്കിലും പൊതുനിരത്തിലും നിക്ഷേപിക്കുകയായിരുന്നെന്ന് സ്ഥാപന ഉടമ അനാമുദീൻ മുംതാസ് പറഞ്ഞു. തങ്ങളുടെ ഇറച്ചിക്കടയിൽ നിന്നുള്ള വേസ്റ്റുകൾ നഗരസഭ അംഗീകരിച്ച ഏജൻസികളാണ് കൊണ്ടുപോകുന്നത്. രണ്ടുദിവസത്തിനകം എത്തുമെന്നാണ് അവർ അറിയിച്ചിരുന്നതെന്നും ഇപ്പോൾ പിടികൂടിയ വാഹനം തങ്ങളുടേതല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.