mobpix180kappilsb

വർക്കല: തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാപ്പിലിനു പറയാനുള്ളത് അവഗണനയുടെ കഥകളാണ്. കരാറടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് വില്പന നടത്തിയിരുന്നത്. എന്നാൽ ടിക്കറ്റ് നൽകാൻ ആളില്ലാത്തതു കാരണം കൗണ്ടർ അടച്ചുപൂട്ടുകയായിരുന്നു. കരാറുകാരൻ സുഖമില്ലാതെ കിടപ്പിലായതിനെ തുടർന്ന് ടിക്കറ്റ് കൗണ്ടർ തുറക്കാതായി, ഇതോടൊപ്പം കരാർ കാലാവധിയും അവസാനിച്ചിരുന്നു. എന്നാൽ പിന്നീട് കരാർ പുതുക്കിയതുമില്ല. റെയിൽവേസ്റ്റേഷനിലെ അടിസ്ഥന സൗകര്യങ്ങളുടെ കാര്യത്തിലും കാപ്പിൽ സ്റ്റേഷൻ അവഗണന നേരിടുകയാണ്. ടോയ്‌ലെറ്ര്, കുടിവെള്ളം, വെളിച്ചം എന്നിവയുടെ അപര്യാപ്തതയും പ്ലാറ്റ്ഫോമുകളുടെ ഉയരക്കുറവും വൃദ്ധർ ഉൾപ്പെടെയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിലേക്ക് മെമു ഉൾപ്പെടെ പാസഞ്ചർ ട്രെയിനുകൾക്കെല്ലാം ഇവിടെ സ്റ്റോപ്പുണ്ട്. ടിക്കറ്റ് കൊടുക്കാൻ ആളില്ലാതായതോടെ യാത്രക്കാർ ദുരിതത്തിലായി. ചിലർക്ക് ട്രെയിൻ യാത്ര ഉപേക്ഷിക്കേണ്ടതായും വന്നു. കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ യാത്ര ചെയ്ത കാപ്പിൽ സ്വദേശികളെ ടിക്കറ്റ് എക്സാമിനർ പിടികൂടി പിഴ ഈടാക്കിയിരുന്നു. തുടർന്ന് ഇതേച്ചൊല്ലി ജീവനക്കാരുമായി വാക്കേറ്റവും നടന്നു. 2012 അസാനകാലം വരെ ബ്ലോക്ക് സ്റ്റേഷൻ പദവിയായിരുന്നു കാപ്പിൽ റെയിൽവേസ്റ്റേഷന്. അതിവേഗ ദീർഘദൂര ട്രെയിനുകൾ വർദ്ധിച്ചതോടെ ചെറിയ സ്റ്റേഷനുകളുടെ പ്രസക്തി നഷ്ടപ്പെടുകയും ജീവനക്കാരെ പിൻവലിക്കുകയുമായിരുന്നു. ട്രെയിൻ സമയങ്ങളിൽ ടിക്കറ്റ് വിതരണത്തിന് മാത്രം ഒരു കൊമേഴ്സ്യൽ ജീവനക്കാരനെ നിയമിച്ചു. പിന്നീട് കൊമേഴ്സ്യൽ ജീവനക്കാരനെ പിൻവലിച്ച് ടിക്കറ്റ് വിതരണം കരാറടിസ്ഥാനത്തിലാക്കി. തീരദേശ മേഖലകൂടിയായ ഈ പ്രദേശത്തെ വിദ്യാർത്ഥികളും കൂലിപ്പണിക്കാരും ഉദ്യാഗസ്ഥരും രോഗികളും ഉൾപ്പെടെ നല്ലൊരു ജനവിഭാഗം തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്ക് പോകുന്നതിന് പാസഞ്ചർ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രം കൂടിയായ കാപ്പിലിൽ എത്തുന്ന സഞ്ചാരികൾക്കും ട്രെയിൻ ഒരു ആശ്രയമായിരുന്നു.