കല്ലമ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി അളന്ന് കല്ലിടൽ കല്ലമ്പലത്ത് വീണ്ടും ആരംഭിച്ചു. വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് നേരത്തേ നടപടി നിറുത്തിവച്ചിരുന്നു. നിലവിലെ പാതയുടെ നടുക്കുനിന്നും ഇരുവശത്തേക്കും തുല്യമായി സ്ഥലമെടുക്കുമെന്ന അറിയിപ്പിൽ നിന്നും വ്യത്യസ്‌തമായി സ്ഥലമെടുക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെയും വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ സബ്കളക്ടർ പരിശോധനകൾ നടത്തുകയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്‌തതിനാൽ രൂപരേഖയിൽ മാറ്റംവരുത്താൻ സാധിക്കില്ലെന്നും സ്ഥലമെടുപ്പ് നടപടികൾ നീട്ടാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. തുടർന്ന് പൊലീസ് സഹായത്തോടെയാണ് നടപടികൾ തുടങ്ങിയത്. നിരവധി കടകളും വീടുകളും നഷ്ടപ്പെട്ട് നൂറുകണക്കിന് തൊഴിലാളികളും ഭൂഉടമകളും വ്യാപാരികളും കടക്കെണിയിൽപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് വ്യാപാരികൾ അറിയിച്ചെങ്കിലും സർക്കാർ ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഇപ്പോൾ കല്ലിടുന്ന ഭാഗങ്ങൾ അളന്നു തിരിച്ച് സ്കെച്ച് തയ്യാറാക്കി ഭൂമിയുടെ പ്രമാണം, കരമൊടുക്കിയ രസീത് എന്നിവ പരിശോധിച്ച് സ്കെച്ച് ചിത്രമാക്കി സർവേ സൂപ്രണ്ടിന് സമർപ്പിക്കും. ഒാരോ ദിവസത്തെയും ചിത്രങ്ങൾ തയ്യാറാക്കി തൊട്ടടുത്ത ദിവസം സമർപ്പിച്ച് അംഗീകാരം നേടും. നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥലമെടുപ്പ് പൂർത്തീകരിക്കാനാണ് തീരുമാനമെന്നും അതു കഴിഞ്ഞാലുടൻ റോഡ് വികസന നടപടികൾ ആരംഭിക്കുമെന്നും തഹസിൽദാർ മനോജും ഡെപ്യൂട്ടി തഹസിൽദാർ നിസയും അറിയിച്ചു.