വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ അക്രമങ്ങളും അപകടങ്ങളും മോഷണവും പതിവാകുന്നു. സഞ്ചാരികൾ തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചിട്ടും നടപടികളില്ല. മദ്യപന്മാരുടെ ശല്യം കുടുംബസമേതം എത്തുന്ന ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. മദ്യപിച്ച് അമിതവേഗതയിലോടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും അധികൃതർക്ക് അനക്കമില്ല. പൊലീസ് ഉദ്യോഗസ്ഥർ വരെ മദ്യപിച്ച് വിളയാടിയ സംഭവവുമുണ്ടായി. പൊൻമുടിയിൽ മൃഗവേട്ട നടത്തിയ സംഘത്തിലെ രണ്ട് പൊലീസുകാരെ ഇനിയും പിടികൂടിയിട്ടില്ല. പൊൻമുടി വനമേഖലയിൽ വേട്ടസംഘങ്ങളും വ്യാജവാറ്റ് ലോബിയും വിലസുന്നതായും സൂചനയുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിക്കടി അരങ്ങേറുന്ന അക്രമസംഭവങ്ങളും മോഷണവും തടയുന്നതിനും അപ്പർ സാനറ്റോറിയം, ഗസ്റ്റ്ഹൗസ്, പൊലീസ് സ്റ്റേഷൻ, കെ.ടി.ഡി.സി പരിസരങ്ങളിലായി 12കാമറകൾ കെൽട്രോൺ സ്ഥാപിച്ചിരുന്നു. ഈ സി.സി.ടിവി കാമറകൾ പ്രവർത്തനരഹിതമായിട്ട് ഒരു വർഷമാകുന്നു. കാമറകൾ സ്ഥാപിച്ചതോടെ അക്രമസംഭവങ്ങൾ തടയാനും അക്രമികളെയും മോഷണക്കേസ് പ്രതികളെയും പിടികൂടാനും പൊലീസിന് എളുപ്പത്തിൽ സാധിച്ചിരുന്നു. മൂന്ന് വർഷം വാറന്റിയുണ്ടായിരുന്ന കാമറക്കണ്ണുകൾ രണ്ട് വർഷത്തോളം സജീവമായി പ്രവർത്തിച്ചു. ഇടിമിന്നലേറ്റതിനെ തുടർന്നാണ് കാമറകൾ കേടായതെന്നാണ് നിഗമനം. പൊൻമുടിയിൽ കാമറകൾ മിഴിയടച്ചതായി ചൂണ്ടിക്കാട്ടി കേരളകൗമുദി രണ്ട് തവണ വാർത്ത നൽകിയിരുന്നു. കാമറ തകരാറിലായ വിവരം പുറത്തായതോടെ അക്രമികൾ പൂർവാധികം ശക്തിയോടെ രംഗത്തിറങ്ങിയിരിക്കുകയാണ്. പൊൻമുടി ചെക്ക് പോസ്റ്റിൽ പരിശോധന നടക്കുന്നുണ്ടെങ്കിലും മദ്യപന്മാരെ അമർച്ച ചെയ്യാൻ കഴിഞ്ഞിട്ടില്ല. ടൂറിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ വരെ മോഷണം പോയിരുന്നു. അവധി ദിനങ്ങളിൽ പൊൻമുടിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൊൻമുടിയുടെ മുക്കിലും മൂലയിലും വരെ പൊലീസിന്റെയും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയംഗങ്ങളുടെയും ശ്രദ്ധ പതിയേണ്ട അവസ്ഥയാണ് നിലവിൽ. കാമറ കേടായതോടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പൊലീസ് മേധാവികൾ ഇതുവരെ തുക അനുവദിച്ചുനൽകിയില്ലെന്ന് പറയുന്നു.ഒന്നര ലക്ഷത്തോളം രൂപയാണ് കാമറകൾ നന്നാക്കാൻ വേണ്ടത്.

പ്രതികരണം:

കാമറകൾ പ്രവർത്തനക്ഷമമാക്കണം

പൊൻമുടിയിൽ തകരാറിലായ സി.സി.ടിവി കാമറകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കി അക്രമങ്ങളും അപകടങ്ങളും ചെറുക്കണം.

കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ