തിരുവനന്തപുരം: ''ഞങ്ങൾ ഡിവൈ.എസ്.പിയുടെ പിന്നാലെയുണ്ട്. ഉടൻ പിടികൂടും" നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ദിവസങ്ങളായി ആവർത്തിക്കുന്ന വാചകങ്ങളാണിവ. സനൽ കൊല്ലപ്പെട്ട് ഒമ്പതാംദിവസവും ക്രൈംബ്രാഞ്ചിന്റെ 'കള്ളനും പൊലീസും' കളി തുടരുകയാണ്. മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുപോലും പ്രതികളെ പൊക്കിയെടുക്കുന്ന കേരള പൊലീസിന് നെയ്യാറ്രിൻകര കേസിലെ ഒളിച്ചുകളി അപമാനമായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിലെ ഒളിസങ്കേതം വിട്ട് ഡിവൈ.എസ്.പി ബി. ഹരികുമാറും കൂട്ടാളി ബിനുവും കർണാടകത്തിലേക്ക് നീങ്ങിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മൈസൂർ, മംഗലാപുരം, മൂകാംബിക എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയുടെ രഹസ്യനമ്പർ ഓണായിട്ടുണ്ടെന്നും സൂചനയുണ്ട്. മംഗലാപുരം അതിർത്തിയിലേക്കാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അവിടത്തെ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, ഡിവൈ.എസ്.പിയുടെ ഒളിയിടങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസുദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തുകയാണെന്നും ആക്ഷേപമുണ്ട്.
ഡിവൈ.എസ്.പിയുടെയും ബിനുവിന്റെയും രഹസ്യ സിം കാർഡുകൾ ഇടയ്ക്കിടെ ഓണാവുന്നുണ്ട്. ഇവയിൽ നിന്നുള്ള വിളികൾ ശേഖരിച്ച ക്രൈംബ്രാഞ്ച്, ഇരുവരുടെയും അടുപ്പക്കാരായ ഒരു ഡസനോളം പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ പൊലീസുകാരുമുണ്ട്. ഡിവൈ.എസ്.പിയുടെ വിളിവന്ന ഗ്രേഡ് എസ്.ഐയെ ഉടൻ ചോദ്യംചെയ്യുമെന്നും അന്വേഷണസംഘത്തിലെ ഉന്നതൻ പറഞ്ഞു. ഒരുതവണ ആവശ്യക്കാരെ വിളിച്ചശേഷം സിംകാർഡുകൾ ഉപേക്ഷിക്കുന്ന രീതിയാണ് ഇരുവരും പിന്തുടരുന്നത്. തമിഴ്‌നാട്ടിലെ ക്വാറി മാഫിയയുടെ മധുരയിലെ സങ്കേതത്തിലാണ് ഹരികുമാർ ആദ്യം ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് കേരള അതിർത്തിപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നിരവധിയിടങ്ങളിൽ തങ്ങിയെന്നും കണ്ടെത്തി. ഐ.ജി ശ്രീജിത്ത് ഇന്നലെ അന്വേഷണ പുരോഗതി വിലയിരുത്തി.
ബിനു രണ്ടാംപ്രതി
സനൽ കൊലക്കേസിൽ ഡിവൈ.എസ്.പിയുടെ സുഹൃത്ത് ബിനുവിനെ ക്രൈംബ്രാഞ്ച് രണ്ടാംപ്രതിയാക്കി. നിലവിൽ കൊലക്കേസിലാണ് ബിനുവിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ പങ്കാളിത്തം വ്യക്തമായ ശേഷം വകുപ്പുകൾ ചുമത്തുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
വന്നത് കൊല്ലാൻ തന്നെ: ക്രൈംബ്രാഞ്ച്
പാർക്കിംഗിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ സനൽ കാറെടുത്ത് മാറ്റിയിട്ട ശേഷവും ഡിവൈ.എസ്.പി റോഡിന് എതിർവശത്തേക്ക് വന്നത് സനലിനെ ആക്രമിക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്, കോടതിയെ അറിയിക്കും. റോഡിന് മറുവശത്തേക്ക് ഡിവൈ.എസ്.പി വരേണ്ട കാര്യമുണ്ടായിരുന്നില്ല. മുൻകൂട്ടിയുള്ള ആസൂത്രണമില്ലെങ്കിലും കാൽമണിക്കൂർ നേരത്തെ കണക്കുകൂട്ടൽ കൊലപാതകത്തിനു പിന്നിലുണ്ട്. കാർപാർക്കിംഗ് തർക്കത്തിൽ സാധാരണഗതിയിൽ സംഭവിക്കേണ്ടതല്ല അവിടെ ഉണ്ടായത്. എസ്.ഐ കള്ളക്കേസെടുത്തതല്ല, ക്രൂരമായ കൊലപാതകമാണ് ഡിവൈ.എസ്.പി നടത്തിയത്. ഒരുകാരണവശാലും മുൻകൂർജാമ്യം നൽകരുത്. ഉന്നതസ്വാധീനമുള്ള പ്രതി തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടയുണ്ട്.- ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.