പാറശാല: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിൽ പാഴ്സൽ വിതരണം ചെയ്യാനെത്തിയ യുവാവിനെ പതിനഞ്ചോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. ഇ കോം എക്‌സ്‌പ്രസ് സർവീസിന്റെ നെയ്യാറ്റിൻകര സെന്ററിൽ നിന്നു പാഴ്സലുമായെത്തിയ കന്നുമാമൂട് താമാരോട് സ്വദേശിയായ രജിൻ (24) നെയാണ് ആക്രമിച്ചത്. കോളേജിലെ എക്കണോമിക്‌സ്‌ വിഭാഗത്തിലെ അസി. പ്രൊഫസറായ അദ്ധ്യാപികയ്‌ക്ക് പാഴ്സൽ നൽകിയ ശേഷം തിരികെ മടങ്ങുമ്പോഴാണ് ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് 12ന് കാമ്പസിനുള്ളിലാണ് സംഭവം. വലുതുകൈയിൽ റെഡ് ബാൻഡ് ഉണ്ടായിരുന്നതും മൊബൈലിൽ ചെഗുവരെയുടെ ചിത്രം പതിച്ചിരുന്നതുമാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചതെന്ന് രജിൻ പറഞ്ഞു. കൈയിലെ റെഡ് ബാൻഡ് ഇളക്കി തറയിലിട്ട് ചവിട്ടാൻ നിർദ്ദേശിച്ചത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് രജിന്റെ കൈവശമുണ്ടായിരുന്ന ഹെൽമെറ്റ് പിടിച്ചെടുത്തായിരുന്നു ആക്രമണം. പുറത്തേക്ക് ഓടിയ രജിനെ ഗേറ്റിന് പുറത്ത്‌ കാവലുണ്ടായിരുന്ന പൊലീസുകാർ പാറശാല ഗവ. ആശുപത്രിയിലെത്തിച്ചു. രജിൻ പാറശാല ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ കോളേജിന് മുന്നിലൂടെ നടന്നുപോയ ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ആക്രമിച്ചതിന് പിന്നാലെയാണിത്. കോളേജിലെ എ.ബി.വി.പി പ്രവർത്തകരാണ് രണ്ട് ആക്രമണങ്ങൾക്കും പിന്നിലെന്ന് പൊലീസ് പറഞ്ഞു. ധനുവച്ചപുരം ഗവ.ഐ.ടി.ഐയിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുള്ളതായി ആരോപണമുണ്ട്. ധനുവച്ചപുരം ഗവ. ഐ.ടി.ഐ ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിലെ തകരാർ പരിഹരിക്കുന്നതിനായി കമ്പനിയിൽ നിന്നുമെത്തിയ യുവാവിനെ രാഖി കെട്ടിയതിനെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞെന്നും രാഖി അഴിച്ചുമാറ്റിയതിനെ തുടർന്നാണ് പുറത്തേക്ക് കടത്തിവിട്ടതെന്നും എ.ബി.വി.പി ആരോപിച്ചു.