തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെതിരെ അഞ്ച് ദൃക് സാക്ഷി മൊഴികളുണ്ടെന്ന് ക്രൈംബ്രാഞ്ച്. കാറിനു മുന്നിലേക്ക് സനലിനെ ഡിവൈ.എസ്.പി ചവിട്ടിയിട്ടതാണെന്ന് ഇവർ തറപ്പിച്ചു പറയുന്നു. അതിനാൽ പ്രതി രക്ഷപെടാൻ ഒരു സാദ്ധ്യതയുമില്ലെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
സനൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുൽത്താന ഹോട്ടലിന്റെ ഉടമ മാഹിനാണ് ഏറ്റവും ശക്തമായ മൊഴി നൽകിയത്. ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതു മുതൽ സനലിനെ കാറിനു മുന്നിലേക്ക് ചവിട്ടിയിടുന്നതു വരെയുള്ള സംഭവങ്ങൾ മാഹിൻ വ്യക്തമായി പറയുന്നുണ്ട്.
കൊലപാതകത്തിന് സാക്ഷികളായ ചിലരുടെ മൊഴികൾ കൂടി രേഖപ്പെടുത്താനുണ്ട്. സനലിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനുണ്ട്. ഡിവൈ.എസ്.പിക്ക് അനുകൂലമായി രംഗത്തെത്തിയവരുടെ മൊഴികൾ ദൃക് സാക്ഷികളുടേതായി രേഖപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്നും കോടതി ആവശ്യപ്പെട്ടാൽ കേസ് ഡയറി ഹാജരാക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഡിവൈ.എസ്.പിയുടെ മുൻകൂർജാമ്യ ഹർജിയെ എതിർത്ത് ഇന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.
ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഡിവൈ.എസ്.പിയെ പിന്തുടരുന്നുണ്ട്. അന്വേഷണ സംഘത്തെയോ മുതിർന്ന ഉദ്യോഗസ്ഥരെയോ കീഴടങ്ങാൻ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. അൽപ്പം സമയമെടുത്തായാലും അറസ്റ്റ് നടക്കുമെന്ന് അന്വേഷകർ പറയുന്നു.
അതേസമയം, സനലിന്റെ സുഹൃത്ത് അനീഷ്, സ്ഥലത്തുണ്ടായിരുന്ന മുരളി അടക്കം നിരവധി പേരുടെ ദൃക് സാക്ഷി മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടില്ലെന്നും സ്ഥലത്തില്ലാതിരുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തിയതെന്നും വി.എസ്.ഡി.പി ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. സനലിന്റെ ഭാര്യ വിജി, വിജിയുടെ പിതാവ് വർഗീസ്, സനലിന്റെ അമ്മ രമണി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കേസ് സി.ബി.ഐക്ക് കൈമാറണണെന്ന് ആവശ്യപ്പെട്ട് സനലിന്റെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിജി ഇന്ന് ഉപവസിക്കും
സനൽ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജിയും ബന്ധുക്കളും ഇന്ന് ഉപവാസമിരിക്കും. രാവിലെ എട്ടുമുതൽ വൈകിട്ടുവരെയാണ് ഉപവാസം. സർവമത പ്രാർത്ഥന നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം.സുധീരൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
കാത്തിരിക്കുന്നത് വലിയ വാർത്തയ്ക്കായി
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുമ്പോൾ വലിയ വാർത്തയുണ്ടാവുമെന്നും, മാദ്ധ്യമശ്രദ്ധ അതിലേക്ക് തിരിയുന്നതിനിടെ ആരോരും അറിയാതെ കീഴടങ്ങാനാണ് ഡിവൈ.എസ്.പിയുടെ പദ്ധതിയെന്നും പൊലീസ് പറയുന്നു. 14നാണ് മുൻകൂർജാമ്യാപേക്ഷ തിരുവനന്തപുരം കോടതി പരിഗണിക്കുന്നത്. അതുവരെ ഒളിച്ചുകളി തുടരാനും ഇടയുണ്ട്.