cpm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദളിത്, പിന്നാക്ക ഐക്യനിരയെ ഒപ്പം ഉറപ്പിച്ചുനിറുത്താൻ ഇടതുമുന്നണിയിൽ നീക്കം. ശബരിമല വിവാദ മദ്ധ്യേ എൻ.ഡി.എ വിട്ട ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനുവുമായി പുതിയ സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചർച്ച നടത്തി. ജാനു നേതൃത്വം നൽകുന്ന രാഷ്ട്രീയകക്ഷിയായ ജനാധിപത്യ രാഷ്ട്രീയസഭയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച.

ചർച്ച പ്രതീക്ഷ നൽകുന്നതാണെന്ന വിലയിരുത്തലിലാണ് സി.പി.ഐ നേതൃത്വം. ഇതിന്റെ തുടർചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. സി.പി.എം നേതൃത്വവുമായും ചർച്ച നടക്കേണ്ടതുണ്ട്. ആദിവാസി ഭൂമിപ്രശ്നത്തിൽ സി.പി.എമ്മുമായി ആശയപരമായി അകന്നുപോയ ജാനുവിന്റെ തിരിച്ചുവരവ് അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. ശബരിമല വിഷയത്തിലെ ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ നിലപാടുകൾ പ്രതീക്ഷ നൽകുന്നതാണെന്നാണ് സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ വിലയിരുത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സി.പി.ഐ നേതൃത്വം ഇതിനായുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തത് എന്നാണ് സൂചന.