തിരുവനന്തപുരം : അഹിന്ദുക്കൾ പ്രവേശിച്ചതായുള്ള സംശയത്തെ തുടർന്ന് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ആരംഭിച്ച പരിഹാരക്രിയകൾ ഇന്നലെ പൂർത്തിയായി. തുടർന്ന് അല്പ്പശി ഉത്സവത്തിന്റെ ഭാഗമായ ചടങ്ങുകൾ പുനരാരംഭിച്ചു. പള്ളിവേട്ട ഇന്ന് നടക്കും.
ഞായറാഴ്ച ഉച്ചയ്ക്കാണ് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി ക്ഷേത്രത്തിൽ പരിഹാരക്രിയകൾ നടത്താൻ ആവശ്യപ്പെട്ടത്. ഇതോടെ വൈകുന്നേരം നടത്തേണ്ട ഉത്സവശ്രീബലി നിറുത്തിവയ്ക്കുകയായിരുന്നു. വൈകിട്ട് 4.30ന് നടക്കേണ്ട പല്ലക്ക് വാഹനത്തിലെ എഴുന്നെള്ളത്ത് നിറുത്തിവച്ചാണ് ക്ഷേത്രനട അടച്ചത്. രാത്രി 8.30ന് നടക്കേണ്ട എഴുന്നെള്ളത്തും ഇതുമൂലം മുടങ്ങി. പരിഹാരക്രിയകൾക്ക് ശേഷം അഹിന്ദുക്കൾ പ്രവേശിച്ചതായി കരുതുന്ന ഒൻപതാം തീയതി മുതലുള്ള പൂജകൾ ഒരിക്കൽകൂടി നടത്തി. കൊടിയേറ്റിന്റെ ഭാഗമായ മണ്ണുനീർകോരൽ മുതൽ ശ്രീബലികളും കലശവും വീണ്ടും നടന്നു. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടിസേവിച്ച എഴുന്നള്ളത്തിന് ശേഷം ഏഴുമണിയോടെ ഭക്തർക്ക് ദർശനവും അനുവദിച്ചു. ബുധനാഴ്ച ശംഖുമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
അന്വേഷണമില്ലെന്ന് പൊലീസ്
അഹിന്ദുക്കൾ പ്രവേശിച്ചതായ ആരോപണത്തിൽ തുടരന്വേഷണം നടത്തുന്നില്ലെന്ന് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ടെംബിൾ ഡി.സി.പി എസ്.മുരളീധരൻ പറഞ്ഞു. പരാതിയും കേസുമില്ലാത്ത സാഹചര്യത്തിലാണിത്. രണ്ടു ദിവസങ്ങളിൽ അഹിന്ദുക്കൾക്ഷേത്രത്തിൽ കടന്നതായി പരാതിയുണ്ടായിരുന്നു.ക്ഷേത്രം അധികൃതർ ആദ്യം സി. സി. ടി. വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരോപിച്ച വിധം ആരെയും കണ്ടെത്താനായില്ല. ഞായറാഴ്ച വീണ്ടും ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയിക്കുന്നതായ ചിലർ പുറത്തുനിൽക്കുന്നത് കണ്ടെത്തിയിരുന്നു. ഇവർ ഉള്ളിൽ കടന്നുവോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.