akkulam

തിരുവനന്തപുരം: മാലിന്യ നിക്ഷേപത്താൽ ദുർഗന്ധപൂരിതമായ ആക്കുളം കായലിനെ രക്ഷിക്കാൻ പദ്ധതി ഒരുങ്ങുന്നു. കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കാൻ ടൂറിസം വകുപ്പ് മുൻഗണന നൽകുന്ന പദ്ധതി കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. വിശദമായ പദ്ധതി രൂപരേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന് ആക്കുളം ഡസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിൽ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ ഡോ. ഉഷ ടൈറ്റസ് സമർപ്പിച്ചു. കളക്ടർ കെ. വാസുകി, ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. രാജശ്രീ, ടി.പി.എൽ.സി കോ-ഓർഡിനേറ്റർ ഡോ. ആർ. സുജ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിംഗ്‌ കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം റീ സൈക്ലിംഗ് സംവിധാനത്തിലൂടെ ജലം ശുചീകരിക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ അത്യാധുനികമായ ഇന്റലിജന്റ് ഓൺസൈറ്റ് വാട്ടർ ക്വാളിറ്റി മോണിട്ടറിംഗ് സംവിധാനവും ലിവിംഗ് ലാബും സ്ഥാപിക്കും. കായലിലെ വെള്ളത്തിന്റെ സാമ്പിളെടുത്ത് ഗുണനിലവാരം അപ്പപ്പോൾ അറിയാനും ജല ശുചീകരണ മാർഗങ്ങൾ അവലംബിക്കാനും ഇതിലൂടെ സാധിക്കും.

സുസ്ഥിര നഗര മലിനജല ശുചീകരണ സംവിധാനവും വികേന്ദ്രീകൃത മലിനജല ശുചീകരണ സംവിധാനങ്ങളും നീർത്തടങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. പൂന്തോട്ടവും സൗന്ദര്യവത്കരണ പദ്ധതിയുമെന്ന് തോന്നിപ്പിക്കുന്ന വിധമാകും ജലശുചീകരണ സംവിധാനങ്ങൾ. ആക്കുളം കായലിൽ മണ്ണ് ഉയർന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി അതിനുള്ളിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും.

പൊതുജനപങ്കാളിത്തത്തോടെ ആക്കുളം പുനരുജ്ജീവന പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കായലിലേക്ക് വീണ്ടും മാലിന്യ നിക്ഷേപം ഉണ്ടാകാതിരിക്കാനുള്ള പ്രചാരണ മാർഗമായും പദ്ധതിക്ക് ജനപിന്തുണ ഉറപ്പാക്കുന്നതിനും നദീതട യാത്രയടക്കമുള്ള പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

നിർമ്മിക്കുന്നത്

ബാംബു ബ്രിഡ്ജ്

 ഗ്രീൻ ബ്രിഡ്ജ്

 പരിസ്ഥിതി മതിലുകൾ

 ഇടനാഴികൾ

കല്ലുകൾ പാകിയ നടപ്പാതകൾ

സൈക്കിൾ ട്രാക്ക്

പൂന്തോട്ടത്തിന് നടുവിൽ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങൾ

രണ്ടാം ഘട്ടം


സംഗീത ജലധാര

കൃത്രിമ വെള്ളച്ചാട്ടം

നീന്തൽക്കുളം

മനോഹരമായ പ്രവേശനകവാടം

പാർക്കിംഗ് സൗകര്യം

കഫറ്റീരിയ

യോഗ

മെഡിറ്റേഷൻ ഹാൾ

 പ്രകൃതി - പൂന്തോട്ട ഭംഗി ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ

ചിൽഡ്രൻസ് പാർക്ക്

'കായലിലെ ദുർഗന്ധം കാരണം ആക്കുളം ടൂറിസ്റ്റ് വില്ലേജ് നവീകരണം പ്രയോജനമുണ്ടാകുമോ എന്ന ആശങ്കയ്ക്ക് പരിഹാരമാകാൻ പുനരുജ്ജീവന പദ്ധതിയിലൂടെ സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിനും ജലാശയ സംരക്ഷണത്തിനും പദ്ധതി സഹായകരമാകും.'

- മന്ത്രി കടകംപള്ളി സുരേന്ദ്രൻ


പദ്ധതി ചെലവ് 128 കോടി

പരീക്ഷിക്കുന്നത് കോയമ്പത്തൂരിലെ 8 തടാകങ്ങൾ ശുചീകരിച്ച മാതൃക

രണ്ടാം ഘട്ട നവീകരണത്തിന് 4.93 കോടി