തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറയാക്കി ഹിന്ദു സമൂഹത്തെ ഇടതു സർക്കാർ വേട്ടയാടുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ആരോപിച്ചു. ശബരിമല കർമസമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്തജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ശബരിമലയുടെ ഭാവി അയ്യപ്പഭക്തർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടറിഞ്ഞുള്ള കളിയാണ് നടക്കുന്നത്. ശബരിമലയിലെ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അയ്യപ്പഭക്തർ ശക്തമായ തിരിച്ചടി നൽകും. ഹിന്ദു സമൂഹം ഒന്നടങ്കം രംഗത്തിറങ്ങിയാൽ പിണറായിക്കും കൂട്ടർക്കും രക്ഷയുണ്ടാകില്ല. അവസാന കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായി പിണറായി പുറത്തേക്ക് പോകേണ്ടി വരുന്ന കാലം വിദൂരമല്ല. ശബരിമലയിലെ ആചാരങ്ങൾ തകർക്കുന്നതിനെതിരെ സമരരംഗത്തിറങ്ങിയത് അമ്മമാരാണ്. അവരുടേയും അയ്യപ്പഭക്തരുടേയും സംഘടിത ശക്തിക്ക് മുന്നിൽ സർക്കാരിന് മുട്ടുകുത്തേണ്ടി വരും -ശശികല പറഞ്ഞു.
നട അടച്ചാൽ കോൺഗ്രസുകാർ വിശ്വാസികൾക്കൊപ്പമാണെന്നും നട തുറന്നാൽ ഒരു കോൺഗ്രസ് നേതാവിനെപ്പോലും കാണില്ലെന്നും അവർ പറഞ്ഞു.
നവോത്ഥാന പാരമ്പര്യം
സി.പി.എമ്മിന് ഇല്ല:
വത്സൻ തില്ലങ്കേരി
നവോത്ഥാന പാരമ്പര്യം ഒരിക്കലും സി.പി.എമ്മിന് അവകാശപ്പെടാൻ കഴിയില്ലെന്ന് ശബരിമല കർമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരി പറഞ്ഞു. നവോത്ഥാനവും സി.പി.എമ്മും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഹിരണ്യകശിപുവിനെ പോലെയാണ് പെരുമാറുന്നത്. നാമജപം മുടക്കിയ ഹിരണ്യ കശിപുവിനെ നിഗ്രഹിച്ച നരസിംഹത്തിന്റെ വീര്യമുള്ള സമൂഹമാണ് ഹിന്ദുസമൂഹം. മയങ്ങിക്കിടക്കുകയായിരുന്ന ഹിന്ദുസമൂഹം ശബരിമല വിഷയത്തോടെ ഉണർന്നെണീറ്റുവെന്നും ഹിരണ്യകശിപുമാരുടെ തകർച്ച ഉറപ്പാക്കാൻ കെൽപ്പുള്ളവരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ വിജി തമ്പി അദ്ധ്യക്ഷനായിരുന്നു. സ്വാമി പുരുഷോത്തമ തീർത്ഥ, അംബികാനന്ദ മഹാരാജ്, ഒ.രാജഗോപാൽ എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.