ഹോം ഗ്രൗണ്ടിലെ രണ്ടാം തോൽവിയോടെ
കേരള ബ്ളാസ്റ്റേഴ്സ് നിരാശക്കയത്തിൽ
നിലവാരമില്ലായ്മയാണ് തങ്ങളുടെ നിലവാരമെന്ന് തെളിയിച്ചാണ് കഴിഞ്ഞ രാത്രി കൊച്ചിയിൽ കേരള ബ്ളാസ്റ്റേഴ്സ് എഫ്സി ഗോവയ്ക്ക് മുന്നിൽ കീഴടങ്ങിയത്.
ആദ്യ മത്സരത്തിൽ എ ടികെയ്ക്കെതിരെ നേടിയ വിജയം വരാനിരിക്കുന്ന വലിയ ദുരന്തത്തിന് മുന്നോടിയായുള്ള ആളിക്കത്തലായിരുന്നുവെന്ന് കേരള ബ്ളാസ്റ്റേഴ്സിന്റെ ആരാധകർ ഇപ്പോഴാണ് മനസിലാക്കുന്നത്. കാരണം സെപ്തംബർ 29ന് കൊൽക്കത്തയിലെ യുവഭാരതി ക്രീഡാംഗിൽ നേടിയ 2-1ന്റെ വിജയത്തിന് ശേഷം ഇതുവരെ ഒറ്റക്കളിപോലും ജയിക്കാൻ മഞ്ഞക്കുപ്പായക്കാർക്ക് കഴിഞ്ഞിട്ടില്ല. തുടർച്ചയായ നാല് സമനിലകൾക്ക് ശേഷം ഹോംഗ്രൗണ്ടിൽ വിജയവാതിൽ വീണ്ടും തുറക്കുമെന്ന് കരുതിയപ്പോഴാ് ബംഗളൂരുവും എഫ്. സി ഗോവയും വന്ന് ഗോളടിച്ചു കീഴടക്കി മടങ്ങുന്നത്.
ഇൗ തോൽവികൾ ഏറ്റവും കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നത് പരിശീലകൻ ഡേവിഡ് ജെയിംസിനും മലയാളി പ്രതീക്ഷയായ സി. കെ. വിനീതിനുമാണ് കഴിഞ്ഞ സീസണിനിടെ റെനെ മ്യൂളൻ സ്റ്റീനിനെ പറഞ്ഞുവിട്ടപ്പോൾ പകരക്കാരനായെത്തിയ ഡേവിഡ് ജെയിംസ് പുതിയ സീസണിൽ അത്ഭുതങ്ങൾ കാട്ടിയില്ലെങ്കിലും പേരുദോഷം ഉണ്ടാക്കില്ലെന്ന് മഞ്ഞപ്പടയുടെ ആരാധകർ കരുതിയിരുന്നു. എന്നാൽ അതൊക്കെ ആസ്ഥാനത്താണ്. 2018 ജനുവരിയിൽ സ്ഥാനമേറ്റശേഷം നടന്ന പത്തൊൻപത് മത്സരങ്ങളിൽ ഇൗ പഴയ ഇംഗ്ളീഷ് ഗോളിക്ക് ജയിപ്പിക്കാൻ കഴിഞ്ഞത് ആറെണ്ണത്തിൽ മാത്രമാണ്.
ഏഴ് മത്സരങ്ങൾ ഇൗ സീസണിൽ ബ്ളാസ്റ്റേഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞു ഇതിൽ ആദ്യമത്സരത്തിലൊഴികെ ആവേശകരമായി ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. സമനിലകൾകൊണ്ട് തടിതപ്പിയ ടീമിന്റെ പോരായ്മകൾ കൃത്യമായി പുറത്തുവന്നത് ഹോംഗ്രൗണ്ടിൽ കരുത്തൻമാരെ നേരിടേണ്ടിവന്നപ്പോഴാണ്. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്താണ് ഗോവയും ബംഗളൂരുവും. ഇരുവർക്കുമെതിരെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞുപോയ പരിശീലകനായിരുന്നു ഡേവിഡ് ജെയിംസ്.
കൃത്യമായ താളത്തിലേക്ക് എത്താനോ, മികച്ച ഫോർമേഷൻ കണ്ടെത്താനോ
ബ്ബ്ളാസ്റ്റേഴ്സിന് ഇൗ സീസണിൽ ഇനിയും കഴിഞ്ഞിട്ടില്ല. വ്യത്യസ്ത ഫോർമേഷനുകളുമായി പരീക്ഷണം നടത്തുന്ന ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങൾ പിഴയ്ക്കുമ്പോൾ ടീം അവസാന നാലിലേക്ക് തിരിച്ചെത്താനുള്ള സാദ്ധ്യതകൾ മങ്ങിക്കൊണ്ടിരിക്കുകയാണ്. മനസാന്നിദ്ധ്യമുള്ള ഒരു പരിശീലകനെയാണ് ബ്ളാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യം. ഇനിയുള്ള 11 മത്സരങ്ങൾ പ്രകടനം ഫൈനലിലേക്കുള്ള യാത്രയിൽ നിർണായകമാകും
തുടർച്ചയായ രണ്ട് ഹോം തോൽവികൾ ഡേവിഡ് ജെയിംസിന്റെ കസേര തെറിപ്പിക്കും എന്ന സംശയത്തിലാണ് ബ്ളാസ്റ്റേഴ്സ് ആരാധകർ. എന്നാൽ ഉടനടി അതിനുള്ള സാദ്ധ്യത ഇല്ലെന്നാണ് ടീമിനുള്ളിൽ നിന്ന് അറിയുന്നത്. കഴിഞ്ഞസീസിണിലേതുപോലെ പരിശീലകനെ പാതിവഴിയിൽ മാറ്റുന്നത് ടീമിന് ഗുണപ്രദമാവുകയില്ലെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. പാതിവഴിയിലെത്തിയ പരിശീലകർക്ക് ഐ.എസ്.എല്ലിൽ മികവ് കാട്ടാനും കഴിഞ്ഞിട്ടില്ല.
ടീമിലെ മലയാളി സൂപ്പർസ്റ്റാർ എന്ന ഭാരമാണ് വിനീത് അനുഭവിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ഗോളടിക്കാൻ കഴിയാതെ വലഞ്ഞപ്പോൾ ആരാധകർ കുറ്റപ്പെടുത്തിയത് വിനീതിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം പ്രതികരിച്ചതും ഇൗ സമ്മർദ്ദം മൂലമാണ്. എന്നാൽ ഇത്തരം അനാവശ്യവിവാദങ്ങൾ മാനസികസമ്മർദ്ദം വർദ്ധിപ്പിക്കുകയുള്ളൂവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഡേവിഡ് ജെയിംസ്
ഇംഗ്ളണ്ടിന് വേണ്ടി 53 മത്സരങ്ങളിൽ ഗോൾ വല കാത്ത കീപ്പർ.
മാഞ്ചസ്റ്റർസിറ്റി, ലിവർപൂൾ, വാറ്റ് ഫോർഡ്, ആസ്റ്റൺവില്ല, വെസ്റ്റ് ഹാം തുടങ്ങിയ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബുകളിൽ കളിച്ചു
ആദ്യ സീസൺ ഐ.എസ്.എല്ലിൽ പ്ളേയർ കം മാനേജരായി
ആദ്യ സീസിന് ശേഷം പ്ളേയിംഗ് കരിയർ അവസാനിപ്പിച്ചു
2018 ജനുവരിയിൽ റെനെ മ്യൂളൻസ്റ്റീനിിന് പകരം ബ്ളാസ്റ്റേഴ്സ് കോച്ചായി
ബ്ളാസ്റ്റേഴ്സ് @ ഐ.എസ് എൽ
2014- റണ്ണേഴ്സ് അപ്പ്
2015- അവസാന സ്ഥാനം
2016 - റണ്ണേഴ്സ് അപ്പ്
2017-ആറാംസ്ഥാനം
ഐ.എസ്.എൽ പോയിന്റ് നില
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
എഫ്.സി ഗോവ -7-5-1-1-16
ബംഗ്‌ളൂരു 5-4-1-0-13
മുംബയ് സിറ്റി 7-4-1-2-13
ജംഷഡ്പൂർ 7-2-5-0-11
നോർത്ത് ഇൗസ്റ്റ് 6-3-2-1-11
എ.ടി.കെ 7-3-1-3-10
ബ്ളാസ്റ്റേഴ്സ് 7-1-4-2-7
ചെന്നൈയിൻ 7-1-1-5-4
ഡൽഹി 8-0-4-4-4
ബ്ളാസ്റ്റേഴ്സ് ഇതുവരെ
Vs എ.ടി.കെ
2-0 വിജയം
Vs മുംബയ് സിറ്റി
1-1 സമനില
Vs ഡൽഹി ഡൈനാമോസ്
1 -1 സമനില
Vs ജംഷഡ്പൂർ
2-2 സമനില
Vs പൂനെ സിറ്റി
1-1 സമനില
Vs ബംഗളൂരു
1-2 തോൽവി
Vs എഫ്.സി ഗോവ
1-3 തോൽവി
6/19
കഴിഞ്ഞ സീസണിന്റെമധ്യത്തിലാണ് ബ്ളാസ്റ്റേഴ്സ് റെനെ. മ്യൂളൻ സ്റ്റീനെ മാറ്റി ഡേവിഡ് ജെയിംസിനെ മുഖ്യപരിശീലകനാക്കുന്നത്. ഇതിനുശേഷം ജെയിംസ് ബ്ളാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച 19 മത്സരങ്ങളിൽ വിജയിക്കാനായാത് ആറെണ്ണത്തിൽ മാത്രം.
10 ഗോളുകളാണ് ബ്ളാസ്റ്റേഴ്സ് ഇതേ വരെ വഴങ്ങിയത്. അടിച്ചത്ഒൻപതെണ്ണവും.
2
ഇൗ സീസൺ ഐ.എസ്.എല്ലിൽ ഇതേവരെ തോൽവിയറിയാത്ത രണ്ട് ടീമുകളെയുള്ളൂ. ബംഗളൂരു എഫ്.സിയും ജംഷഡ്പൂരും