atl12nd

ആറ്റിങ്ങൽ: സി.പി.എമ്മിന്റെ ജനമുന്നേറ്റ കാൽനട ജാഥയുടെ ഉദ്ഘാടന വേദിയിലേക്ക് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് ബിയർ കുപ്പി വലിച്ചറിഞ്ഞു. വേദിയിലുണ്ടായിരുന്ന ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ദേവരാജന്റെ വയറ്റിൽ തട്ടിത്തെറിച്ച് ബി. സത്യൻ എം.എൽ.എയുടെ കൈയിൽ ഇടിച്ചാണ് കുപ്പി നിലത്തു വീണത്. മദ്യ ലഹരിയിലായിരുന്ന അക്രമി ആലംകോട് സ്വദേശി ഗോപാലനെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. എം.എൽ.എയുടെ കൈ ചതഞ്ഞിട്ടുണ്ട്. ചെറിയ നീർവീക്കവുമുണ്ട്. ബി. സത്യനാണ് ജാഥാ ക്യാപ്ടൻ. ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നാരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിക്കെയാണ് സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ബിയർ കുപ്പി വേദിയിലേക്ക് പതിച്ചത്. ഇതോടെ വേദി സംഘർഷഭരിതമായി. തടിച്ചു കൂടിയ പാർട്ടി പ്രവർത്തകരിൽ ചിലർ അക്രമിയെ പിടിക്കാൻ കെട്ടിടത്തിലേക്ക് പാഞ്ഞു. എസ്.ഐ തൻസിമിന്റെ നേതൃത്വത്തിൽ ഇവരെ ശാന്തരാക്കിയ ശേഷം ഗോപാലനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾ ഉച്ച മുതൽ രണ്ടാം നിലയിലെ ഐ.എൻ.ടി.യു.സി ഓഫീസിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് ആരോപണമുയർന്നിട്ടുണ്ട്.