trafic

ചിറയിൻകീഴ്: വലിയകട ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും അമിതവേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ചിറയിൻകീഴിന്റെ ഭരണസിരാകേന്ദ്രവും വാണിജ്യസ്ഥാപനങ്ങളുടെ നീണ്ട നിരയുമുള്ള, ചിറയിൻകീഴിന്റെ ടൗണെന്ന് വിശേഷിപ്പിക്കുന്ന വലിയകടയിലും പരിസര പ്രദേശങ്ങളിലും ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. അമിതവേഗതയും അശ്രദ്ധയും കാരണം വലിയകടയ്ക്കും പുളിമൂട് ജംഗ്ഷനുമിടയിൽ ബൈക്കപകടങ്ങൾ വർദ്ധിക്കുകയാണ്. ചിറയിൻകീഴ് - ആറ്റിങ്ങൽ റൂട്ടിലെ സ്വകാര്യബസുകളുടെ മത്സരയോട്ടവും ഇവിടത്തെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മതിയായ ഫുട്പാത്ത് സൗകര്യവുമില്ലാത്തത് യാത്രക്കാർക്ക് തലവേദനയായി മാറി. ചിലയിടങ്ങളിൽ ഫുട്പാത്ത് ഉണ്ടെങ്കിലും സമീപത്തെ വ്യാപാരികൾ സാധനങ്ങൾ ഇറക്കി കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ വഴിയാത്രക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. കാതടപ്പിക്കുന്ന ശബ്ദത്തിൽ ടൂവീലറുകൾ മരണപാച്ചിൽ നടത്തുമ്പോൾ റോഡ് മുറിച്ച് കടക്കാൻ സ്ത്രീകളും വിദ്യാർത്ഥികളും ഏറെ വലയുന്നു. വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിനാളുകൾ എത്തുന്ന വലിയകട ജംഗ്ഷനിൽ സീബ്രാലൈനുകളോ മതിയായ ട്രാഫിക് സംവിധാനങ്ങളോ മുഴുവൻസമയ പൊലീസോ ഇല്ല. നാലു റോഡുകൾ ചേരുന്ന വലിയകടയിൽ ട്രാഫിക് പൊലീസിന്റെ സേവനം ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. ജംഗ്ഷനിലെ റോഡിൽ ഇടക്കാലത്ത് സേഫ്ടി കോൺ സ്ഥാപിച്ചെങ്കിലും വൈകാതെ തന്നെ അതും അപ്രത്യക്ഷമായി. അനധികൃത പാർക്കിംഗും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. യാത്രക്കാരുടെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിലേക്കായി അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.