തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്ഗ്രൗണ്ടിൽ ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച ബൗളിംഗ് തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആന്ധ്ര ആദ്യദിനം കളിനിറുത്തുമ്പോൾ 225/8 എന്ന നിലയിലാണ്.
നാലുവിക്കറ്റ് വീഴ്ത്തിയ ഇടംകയ്യൻ സ്പിന്നർ കെ.സി. അക്ഷയ്‌യും രണ്ട് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസർ ബേസിൽ തമ്പിയും ചേർന്നാണ് ആന്ധ്രാ ബാറ്റിംഗിനെ നിയന്ത്രിച്ചുനിറുത്തിയത്. സന്ദീപ് വാര്യർക്കും ജലജ സസ്ക്സേനയ്ക്കും ഓരോവിക്കറ്റ് ലഭിച്ചു. മധ്യനിര ബാസ്റ്റസ്മാൻ റിക്കി ഭുയിയുടെ സെഞ്ച്വറിയാണ് (109) സന്ദർശകരെ വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഒാപ്പണർമാരായ ഡി.ബി. പ്രശാന്തിനെയും (6), അശ്വിൻ ഹെബാറിനെയും (10) പുറത്താക്കി ബേസിൽ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. 18/2 എന്ന നിലയിൽ പതറിയ ആന്ധ്രയെ റിക്കിയും രവിതേജയും (24) മൂന്നാംവിക്കറ്റിൽ നേടിയ 73 റൺസ് കരകയറ്റി. ലഞ്ചിന് ശേഷം രവി തേജയെ സഞ്ജുവിന്റെ കൈയിലെത്തിച്ചാണ് അക്ഷയ് വേട്ട തുടങ്ങിയത്. ടീം സ്കോർ 115 ൽവച്ച് അക്ഷയ് ആന്ധ്രാക്യാപ്ടൻ ബി.സുമന്തിനെയും (14), 116 ൽവച്ച് ജലജ് സക്സേന കരൺ ശർമ്മയെയും (0) പുറത്താക്കിയെങ്കിലും ശിവചരൺ സിംഗ് (45) ആറാംവിക്കറ്റിൽ റിക്കി ഭുയിക്ക് മികച്ച പിന്തുണ നൽകി ടീം സ്കോർ 200 കടത്തി.
205 പന്തുകൾ നേരിട്ട് 10 ഫോറും ഒരു സിക്സുമടക്കം 109 റൺസ് നേടിയ റിക്കിയെ ഒടുവിൽ അക്ഷയ്‌യുടെ പന്തിൽ കേരള ക്യാപ്ടൻ സച്ചിൻ ബേബി പിടികൂടുകയായിരുന്നു. ജിന്മനീഷിന്റെ (2) വിക്കറ്റ് വീണപ്പോഴാണ് കളി നിറുത്തിയത്.
വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റ്
കൽപ്പറ്റ : വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 16 വിജയ് മെർച്ചന്റ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ ആദ്യ ഇന്നിംഗ്സിൽ 250 റൺസിന് ആൾ ഒൗട്ടാക്കി. അബി ബിജുവിന് നാല് വിക്കറ്റ് ലഭിച്ചു. മോഹിത് ഷിബു മൂന്ന് വിക്കറ്റുകളും.
സുധി അനിൽ രണ്ട് വിറ്റുകളും വീഴ്ത്തി