തിരുവനന്തപുരം : ഉപതിരെഞ്ഞടുപ്പ് നടക്കുന്ന കിണവൂർ വാർഡിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർണം പൂർത്തിയായി. ഇന്നാണ് സൂക്ഷ്മ പരിശോധന. 15ന് വൈകിട്ട് 5വരെ പത്രിക പിൻവലിക്കാം. ഇതോടെ കിണവൂരിൽ അങ്കം മുറുകും. 29നാണ് വോെട്ടടുപ്പ്. 30ന് വോട്ടണ്ണൽ. കളക്ടറേറ്റിലെ ജില്ല പ്ലാനിംഗ് ഓഫീസറും ഉപതിരഞ്ഞെടുപ്പിന്റെ വരണാധികാരിയുമായ വി.എസ്. ബിജുവിന് മുന്നിലാണ് സ്ഥാനാർത്ഥികൾ ഇന്നലെ പത്രിക സമർപ്പിച്ചത്. ഡമ്മി സ്ഥാനാർഥികളുടേതുൾപ്പെടെ 10 സെറ്റ് പത്രികയാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.അരുൺ രണ്ട് സെറ്റ് പത്രികയും ഡമ്മി സ്ഥാനാർത്ഥി ഒരുസെറ്റും നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഷീലാസ് മൂന്ന് സെറ്റും ഡമ്മി ഒരു സെറ്റും നൽകി. ബി.ജെ.പി സ്ഥാനാർത്ഥി എ.സനൽകുമാർ മൂന്ന് സെറ്റ് പത്രികയും സമർപിച്ചു. ബി.ജെ.പിക്ക് ഡമ്മി സ്ഥാനാർത്ഥികളില്ല. പത്രിക സമർപ്പണത്തിന് വൈകിട്ട് മൂന്നുമണിവരെ ആയിരുന്നു സമയം. കോൺഗ്രസ് പ്രതിനിധിയായിരുന്ന കെ.സി. വിമൽ കുമാറിന്റെ മരണത്തെ തുടർന്നാണ് കിണവൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷീലാസ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം വിമതനായി മത്സരിച്ചിരുന്നു. സി.പി.എം മുണ്ടൈക്കോണം ബ്രാഞ്ച് സെക്രട്ടറിയും നാലാഞ്ചിറ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ഷീലാസ് സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ചാണ വിമതനായി രംഗത്തെത്തിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇക്കുറി ഔദ്യോഗിക സ്ഥാനാർത്ഥിയായി സി.പി.എം പരിഗണിക്കാനിരിക്കെയാണ് ഷീലാസ് പാർട്ടി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ അംഗത്വം നേടിയത്. തുടർന്നാണ് ഡി.വൈ.എഫ്.ഐ നാലാഞ്ചിറ മേഖലാ പ്രസിഡന്റ് എം. അരുണിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്. പാർട്ടി പ്രവർത്തകനായ എ. സനൽകുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി.