c

തിരുവനന്തപുരം: പേട്ട ആനയറ റെയിൽവേ പാലത്തിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പേട്ട കരിക്കകം പുന്നയ്ക്കാതോപ്പിൽ ടി.സി 79-493 ചന്ദ്രികാ ഭവനിൽ വിജയകുമാറിനെയാണ് (33) പേട്ട പൊലീസ് അറസ്റ്റ് ചെയ്ത്‌ത്.ഇയാൾ ഒാടിച്ചിരുന്ന ചുവന്ന കളർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കരിക്കകം സ്വദേശികളായ ശിവരാജ് (40), ശിവപ്രസാദ‌് (32) എന്നിവർ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ശിവരാജിന്റെ രണ്ട് തുടയെല്ലുകളും പൊട്ടുകയും ശ്വാസകോശത്തിന് പരിക്കേൽക്കുകയും ചെയ്തു.ഞായറാഴ്ച വൈകിട്ട‌് ആറിന‌ാണ് വിജയകുമാർ ബന്ധുക്കളായ ശിവരാജിനെയും ശിവപ്രസാദിനെയും കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവദിവസം ശിവപ്രസാദും ശിവരാജും വിജയകുമാറിന്റെ സഹോദരൻ അനിൽ കുമാറിന്റെ വീട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് വഴക്കിടുകയും അനിൽകുമാറിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പ്രതിയായ വിജയകുമാറിന് ശിവരാജും ശിവപ്രസാദും റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ശിവപ്രസാദും ശിവരാജും പേട്ടയിൽ വച്ച് അനിൽകുമാറിന്റെ സഹോദരൻ വിജയകുമാറുമായി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് വിജയകുമാറിനെ ഇരുവരും ചേർന്ന് മർദ്ദിച്ച ശേഷം സ്കൂട്ടറിൽ കയറി പോവുകയും ചെയ്തു. ഈ സമയം കാറിൽ പിന്തുടർന്ന് എത്തിയ വിജയകുമാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.