murder

തിരുവനന്തപുരം: കൊച്ചുവേളിയിൽ അക്രമി സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി മദ്ധ്യവയസ്‌കൻ കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലായ അഞ്ചംഗ സംഘത്തെ വലിയതുറ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചുവേളി-വെട്ടുകാട് റോഡിൽ ടൈറ്റാനിയം കമ്പനിക്ക് സമീപം കടൽ തീരത്ത് താമസിക്കുന്ന കുരിശപ്പനെന്ന് വിളിക്കുന്ന ജെറിഫൈ (56) കൊല്ലപ്പെട്ട സംഭവത്തിലാണ് കൊച്ചുവേളി സ്വദേശികളായ സുജിത്, ലിജോ, ജോൺപോൾ, പീറ്റർ ഷാനു, ചില്ലു എന്നിവരെ ശംഖുംമുഖം അസി.കമ്മിഷണർ ഷാനിഖാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്.


ഇന്നലെ രാവിലെയാണ് നഗ്നമായ നിലയിൽ ജെറിഫൈയുടെ മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച രാത്രി ജെറിഫൈയും ഇവരുമായി വാക്കേറ്റവും അടിപിടിയും ഉണ്ടായതായി പൊലീസ് പറഞ്ഞു. ഇവരിൽ ചിലർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഘർഷത്തിനിടെ പരിക്കേറ്റ സുജിത്തിന്റെ അമ്മ ഷീല തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


മർദ്ദനത്തിനിരയായി അവശനിലയിലായ ജെറിഫൈയെ വീട്ടിലെ ഷെഡ്ഡിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നതാണെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയും മകനുമായി പിണങ്ങിക്കഴിയുന്ന ജെറിഫൈ ഏറെക്കാലമായി തനിച്ചായിരുന്നു താമസം. ഇന്നലെ രാവിലെ അയൽവാസികളാണ് ജെറിഫൈ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് വിവരം വലിയതുറ പൊലീസിനെ അറിയിച്ചത്.