തിരുവനന്തപുരം : ഭർത്താവിന്റെ കൊലയാളിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന പ്രാർത്ഥനയോടെ നനഞ്ഞ കണ്ണുകളും പിടയ്ക്കുന്ന മനസുമായി ഓരോനിമിഷവും തള്ളി നീക്കിയ വിജി ഡിവൈ.എസ്.പി ഹരികുമാർ മരണത്തിന് കീഴടങ്ങി എന്ന വാർത്ത കേട്ട് നെടുവീർപ്പിട്ടു. പ്രതിയെ ജീവനോടെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും നീതി നടപ്പായെന്ന വിശ്വാസത്തിലാണ് കൊടങ്ങാവിളയിലെ സനൽകുമാറിന്റെ കുടുംബം. സനൽകുമാറിന്റെ ദാരുണാന്ത്യത്തിന് കാരണക്കാരനായ ഡിവൈ.എസ്.പിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഭാര്യ വിജിയും മറ്റ് കുടുംബാംഗങ്ങളും ഇന്നലെ സംഭവസ്ഥലത്ത് പ്രാർത്ഥനാ ഉപവാസ സമരം ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത എത്തിയത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും വിജി നിറമിഴികളോടെ ദൈവത്തിന്റെ വിധി നടപ്പായെന്ന് പ്രതികരിച്ചു. പിന്നാലെ കാവുവിളയിലെ വീട്ടിലേക്ക് മടങ്ങിയെത്തി നേരെ ഭർത്താവിന്റെ കല്ലറയിൽ എത്തി കണ്ണീർ തൂകി പ്രാർത്ഥിച്ചു. ഇന്നലെ രാവിലെ 8.30നാണ് കൊടങ്ങാവിളയിൽ ഉപവാസ-പ്രാർത്ഥനാ സമരം ആരംഭിച്ചത്. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ നാടൊന്നാകെ പിന്തുണ അറിയിച്ച് ഒരു മണിക്കൂറിനുള്ളിൽ പന്തലിലെത്തി. വിജിക്കൊപ്പം മക്കളായ അലൻ, ആൽബിൻ, സനലിന്റെ അമ്മ രമണി, സഹോദരി സജിത എന്നിവരും പ്രദേശവാസികളും ഉപവാസത്തിനെത്തിയിരുന്നു. സി.എസ്.ഐ പള്ളിയിലെ പുരോഹിതരുടെ പ്രാർത്ഥനയ്ക്ക് ശേഷം കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ സനലിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതോടെ സമരത്തിന് തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ് കോൺഗ്രസ് നേതാക്കളായ ആർ. സെൽവരാജ്, എ.ടി. ജോർജ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, സ്വാമി അശ്വതി തിരുനാൾ, പാച്ചല്ലൂർ അബ്ദുൾസലീം മൗലവി, സി.എസ്.ഐ മഹായിടവക പ്രതിനിധി ഫാദർ ജസ്റ്റിൻ ജോസ്, നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് പ്രതിനിധി ഫാദർ ജോയി, ഗാന്ധി മിത്രമണ്ഡലം ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ്, ആക്‌ഷൻ കൗൺസിൽ പ്രതിനിധി സനൽ കുളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
പൊലീസ് തൻപിള്ളയെ സംരക്ഷിച്ചു: ചെന്നിത്തല
കൊടും കുറ്റവാളികളെ മണിക്കൂറുകൾക്കുള്ളിൽ പിടിക്കാൻ കഴിയുന്ന കേരള പൊലീസ് സനൽകുമാർ കൊലപാതക കേസിൽ തൻപിള്ളയെ സംരക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കൊടങ്ങാവിളയിൽ സനൽകുമാറിന്റെ കുടുംബാംഗങ്ങൾ നടത്തിയ ഉപവാസ പ്രാർത്ഥനാ സമരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെ ആത്മഹത്യയാക്കി തീർക്കാനാണ് ആദ്യം പൊലീസ് ശ്രമിച്ചത്. പ്രതിയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടും കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് ദുരൂഹമാണ്. ഒളിവിൽ കഴിഞ്ഞ പ്രതി ഫോണിലൂടെ ഉന്നത രാഷ്ട്രീയക്കാരെ ബന്ധപ്പെട്ടു. ഇത് വ്യക്തമാക്കുന്ന കോൾ ലിസ്റ്റ് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.