viji

തിരുവനന്തപുരം: സമയം പത്തര. നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽ കൊല്ലപ്പെട്ട സ്ഥലത്തെ പ്രാർത്ഥനാ വേദിയിലേക്ക് ഓടിയെത്തിയ നാട്ടുകാരൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു, ''ആ ഡിവൈ.എസ്.പി തൂങ്ങിമരിച്ചു. ഇപ്പൊ ടി.വിയിൽ വന്നതേയുള്ളൂ.''

വി. എം. സുധീരൻ ഉദ്ഘാടനം ചെയ്ത ഉപവാസ സമരത്തിൽ,കൊലപാതകത്തിന്റെ ഒമ്പതാംദിവസവും പ്രതിയെ പിടികൂടാത്തത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുരേഷ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ആ വാർത്ത എത്തിയത്. ഫോൺവിളികൾ തലങ്ങുംവിലങ്ങും പാഞ്ഞു. സനലിന്റെ ഭാര്യ വിജിയുടെ ഉപവാസ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർ ഫോണിൽ ഡിവൈ.എസ്.പിയുടെ മരണവാർത്ത സ്ഥിരീകരിച്ചു.

ഉപവാസ പന്തലിലായിരുന്ന വിജി കൈകൂപ്പി, മക്കളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു. സനലിന്റെ ഫോട്ടോ മുഖത്തോടുചേർത്ത് വിങ്ങിപ്പൊട്ടി. പന്തലിലെ സ്ത്രീകൾ പരസ്പരം നോക്കി കണ്ണീർവാർത്തു. യുവാക്കൾ വാർത്താ ചാനലുകളുടെ തത്സമയ സംപ്രേഷണം മൊബൈലിൽ നോക്കി വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. കാവലുണ്ടായിരുന്ന നെയ്യാറ്റിൻകര പൊലീസ് പിൻവലിഞ്ഞു. ബസുകളിലെ യാത്രക്കാരോട് സ്ഥലത്തു കൂടി നിന്നവർ വിളിച്ചു പറഞ്ഞു, 'നമ്മുടെ സനലിന്റെ കൊലയാളി പോയി, തൂങ്ങിമരിച്ചു'. കടകളിലെ ടി.വിക്കു മുന്നിൽ വൻജനക്കൂട്ടമായി. കുറേനേരം ഗതാഗത സ്‌തംഭനമുണ്ടായി.

വി.എസ്.ഡി.പി ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ മൈക്കിലൂടെ വിവരം ജനങ്ങളെ അറിയിച്ചു. വിജിയുടെ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. കടലിരമ്പുന്ന മനസുമായി വിജി തലകുനിച്ചിരുന്ന് കണ്ണീർ വാർത്തു. സനലിന്റെ സഹോദരി സജിതയും മാതാവ് രമണിയും വിജിയെ ആശ്വസിപ്പിക്കാൻ പാടുപെട്ടു.

ദൃശ്യമാദ്ധ്യമങ്ങളുടെ മൈക്കുകൾ വിജിക്കു നേരെ നീണ്ടു. വിതുമ്പിക്കരഞ്ഞ വിജി 'ദൈവത്തിന്റെ ശിക്ഷ നടപ്പായി' എന്നുമാത്രം പറഞ്ഞു. പൊട്ടിക്കരഞ്ഞുപോയ വിജിയെ ബന്ധുക്കൾ കാവുവിളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വീട്ടിലേക്ക് വിതുമ്പലോടെ കയറിയ വിജി . വീടിനു പിന്നിലെ സനലിന്റെ ശവകുടീരത്തിൽ അലറിക്കരഞ്ഞുകൊണ്ട് വീണു. മക്കളായ ആൽബിനും അലനും അമ്മ കരയുന്നത് എന്തിനെന്നറിയാതെ അമ്പരന്നു നിന്നു. ഏറെ പണിപ്പെട്ട് ബന്ധുക്കൾ വിജിയെ ശവകുടീരത്തിൽ നിന്നെഴുന്നേൽപ്പിച്ച് വീട്ടിലെത്തിച്ചു. . 'ഇത് ദൈവത്തിന്റെ വിധി' എന്ന് അപ്പോഴും അലമുറയിടുന്നുണ്ടായിരുന്നു വിജി. രണ്ട് കുഞ്ഞുങ്ങളെ അനാഥമാക്കിയ ഒരു കുറ്റകൃത്യത്തിന്റെ അവസാന രംഗങ്ങളായിരുന്നു ഇന്നലെ നെയ്യാറ്റിൻകര കണ്ടത്.