തിരുവനന്തപുരം: ഒമ്പതു ദിവസം കേരളം നെഞ്ചിടിപ്പോടെ ഉറ്റുനോക്കിയ കൊലക്കേസിന് ദുരന്ത ക്ലൈമാക്സ്. ഡിവൈ.എസ്.പി മുന്നിലും തങ്ങൾ പിന്നിലുമായി ഓടിക്കൊണ്ടിരിക്കുന്നു എന്നാണ് തിങ്കളാഴ്ച രാത്രിയിലും അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് എസ്.പി കെ.എം.ആന്റണി പറഞ്ഞത്. എന്നാൽ, ഓട്ടത്തിന്റെ ലാപ്പ് തെറ്റി കല്ലമ്പലത്തെ വീട്ടിൽ ഹരികുമാറിന്റെ ജീവിതം അവസാനിച്ചു. ഹരികുമാർ ഓടിയ ട്രാക്കിലൂടെ അല്ല പൊലീസ് ഓടിയത്.
തമിഴ്നാട്ടിലെ തൃപ്പരപ്പ്, മധുര, തേനി, പള്ളിവാസലിനടുത്തുള്ള ചിത്തിരപുരം, മൈസൂർ, മംഗലാപുരം, മൂകാംബിക.... ഇതായിരുന്നു പൊലീസ് ഓടിയ റൂട്ട്.
കർണാടക- തമിഴ്നാട് അതിർത്തി പ്രദേശത്ത് യാത്രയിലാണെന്നും മണിക്കൂറുകൾക്കകം പിടികൂടുമെന്നും എസ്.പി ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇരുട്ടിവെളുത്തപ്പോൾ ഹരികുമാറിന്റെ ജഡമാണ് കണ്ടത്.
അന്വേഷണത്തിന്റെ ദിശ തെറ്റിക്കാൻ
ഡിവൈ.എസ്.പിയുടെ ഫോണിൽ പുതിയ സിം കാർഡുകൾ തിരുകി മറ്റാരോ ഈ പാതയിൽ സഞ്ചരിച്ചിരിക്കാം.
ക്രൈം ബ്രാഞ്ചിന്റെ 10സംഘങ്ങളാണ് തെരച്ചിലിനു പോയത്. പണവും വസ്ത്രങ്ങളുമെത്തിച്ച ആറുപേരെ കണ്ടെത്തിയെന്നും അവരെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. പ്രതികൾ വിളിച്ച ഗ്രേഡ് എസ്.ഐയെ ചോദ്യംചെയ്യുമെന്നും പറഞ്ഞു. എന്നാൽ ഹരികുമാർ മരിച്ചതോടെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ, ഡിവൈ.എസ്.പി ജീവനൊടുക്കിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.
സനൽ കാർ മാറ്റിയിട്ടശേഷവും ഡിവൈ.എസ്.പി റോഡിന്റെ എതിർവശത്തേക്ക് ചെന്നത് ആക്രമിക്കാനാണെന്നും കാൽമണിക്കൂർ നേരത്തെ കണക്കുകൂട്ടൽ കൊലപാതകത്തിനു പിന്നിലുണ്ടെന്നും ഇന്നലെ കോടതിയിൽ റിപ്പോർട്ട് നൽകാനിരിക്കുകയായിരുന്നു ക്രൈംബ്രാഞ്ച്.