തിരുവനന്തപുരം: ‌ഡിവൈ.എസ്.പി ഹരികുമാർ കാറിനു മുന്നിൽ തള്ളിയിട്ട് മാരകമായി പരിക്കേല്പിച്ച സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തുകയും ആംബുലൻസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തെന്ന ആരോപണം നേരിടുന്ന നെയ്യാറ്റിൻകര എസ്.ഐ സന്തോഷ് കുമാറിനെതിരേ ജനങ്ങളുടെ വൻ പ്രതിഷേധം. സനലിന്റെ ഭാര്യ വിജി ഇന്നലെ കൊടങ്ങാവിളയിൽ നടത്തിയ പ്രാർത്ഥനാ സമരത്തിനിടെ ഗതാഗതം നിയന്ത്രിക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. സന്തോഷ് കുമാറിനെതിരേ നാട്ടുകാർ ഗോബാക്ക് വിളിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നതിനിടെയായിരുന്നു ഇത്. ഉപവാസത്തിനെത്തിയവരെ തടയരുതെന്നും എസ്.ഐ കൊലയാളിയാണെന്നും നാട്ടുകാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എസ്.ഐ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു. എസ്.ഐ സ്ഥലത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിച്ചു. ഇതോടെ എസ്.ഐ സന്തോഷ് സ്ഥലത്തു നിന്ന് മാറിപ്പോവുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ എസ്.ഐ വീഴ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൻ ഒന്നുമറിഞ്ഞില്ലെന്നും പൊലീസുകാരാണ് വീഴ്ച വരുത്തിയതെന്നുമാണ് എസ്.ഐയുടെ വിശദീകരണം. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിബു, നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സജീഷ് എന്നിവരെ ആംബുലൻസിൽ വിട്ടത് എസ്.ഐയാണ്. പാറാവുകാരനും നൈറ്റ് ഡ്യൂട്ടിയിലുള്ളയാളും ഒരു കാരണവശാലും പുറത്തുപോകരുതെന്നാണ് ചട്ടം. ഇത് പാലിക്കാതെയാണ് ഇവരെ എസ്.ഐ ആംബുലൻസിൽ വിട്ടത്. ഇവരെ മാത്രം സസ്പെൻഡ് ചെയ്ത് എസ്.ഐയെ പൊലീസിലെ ഉന്നതർ രക്ഷിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സനലിനെ ആശുപത്രിയിലേക്ക് മാ​റ്റിയത് താനാണെന്ന എസ്.ഐയുടെ വാദവും കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്. പൊലീസ് വിളിച്ചതു പ്രകാരമല്ല, സുഹൃത്ത് വിളിച്ചതനുസരിച്ചാണ് എത്തിയതെന്ന് ആംബുലൻസ് ഡ്രൈവർ വ്യക്തമാക്കിയിരുന്നു. പൊലീസ് ജീപ്പുണ്ടായിട്ടും സനലിനെ ആശുപത്രിയിലെത്തിക്കാതിരുന്നത് എസ്.ഐയുടെ വീഴ്ചയാണെന്നും നടപടിവേണ്ട കു​റ്റമാണെന്നുമാണ് സ്‌പെഷ്യൽ ബ്രാഞ്ച് പറയുന്നത്. എസ്.ഐയുടെ വീഴ്ചകൾ കൃത്യമായി സ്‌പെഷ്യൽ ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടും വിശദീകരണം ചോദിക്കാൻ പോലും ഡി.ജി.പി തയ്യാറായിട്ടില്ല. സസ്‌പെൻഷനിലായ രണ്ടു പൊലീസുകാർക്ക് തുല്യമായ കു​റ്റം എസ്.ഐ സന്തോഷ്‌കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എന്നിട്ടും എസ്.ഐയോട് വിശദീകരണം തേടാൻ പൊലീസ് നേതൃത്വം മെനക്കെട്ടിട്ടില്ല. രാഷ്ട്രീയ ഉന്നതരുമായി എസ്.ഐക്കുള്ള ബന്ധം കാരണമാണ് നടപടിയുണ്ടാവാത്തതെന്നാണ് ആക്ഷേപം.