തിരുവനന്തപുരം: വാട്ടർ അതോട്ടിയുടെ സെർവർ തകരാറിലായതോടെ ബില്ലിംഗ് സംവിധാനം താളംതെറ്റി. ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അമിത തുക രേഖപ്പെടുത്തിയ ബില്ലുകൾ. സാധാരണ രീതിയിൽ വെള്ളം ഉപയോഗിക്കുന്ന പലർക്കും പ്രതിമാസം അടച്ചുകൊണ്ടിരുന്നതിന്റെ ഇരട്ടിയോളം തുകയുടെ ബില്ല് ലഭിച്ചതോടെയാണ് സെർവർ തകരാറിലായ വിവരം പുറത്തായത്. ബില്ലിംഗ് സംവിധാനത്തിന് ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറായ ഇ - അബാക്കസ് ആണ് കുഴപ്പത്തിലായത്.
വാട്ടർ അതോറിട്ടിയുടെ എട്ട് സെർവറുകളും ടെക്‌നോപാർക്കിലെ ഡാറ്റാ സെന്ററിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നാല് സെർവറുകളിലെ സോഫ്‌റ്റ്‌വെയർ സംവിധാനമാണ് തകരാറിലായത്. കേടായ സെർവറുകൾ ടെൻഡർ നടപടികളൊന്നുമില്ലാതെ ആറ് വർഷം മുമ്പ് വാങ്ങിയവയാണ്. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേടായത്. ഡേറ്റാബേസ് കൈകാര്യം ചെയ്യാനറിയുന്നവരും വാട്ടർ അതോറിട്ടിയിൽ ഇല്ല. മറ്റ് ഓഫീസുകളിൽ ജോലി ചെയ്യുന്ന വിദഗ്ദ്ധരെ ഡേറ്റാബേസ് പരിശോധിക്കാൻ അനുവദിക്കാറുമില്ല. ഒരു ഡേറ്റാബേസ് അഡ്‌മിനിസ്ട്രേറ്ററും രണ്ട് അഡിഷണൽ ഡേറ്റാബേസ് അഡ്‌മിനിസ്ട്രേറ്ററും സപ്പോർട്ട് സ്റ്റാഫുമാണ് സെർവറിന്റെ കാര്യങ്ങൾ നോക്കേണ്ടത്. ബി.ടെക്ക് അല്ലെങ്കിൽ എം.സി.എയും 10 വർഷം പ്രവൃത്തിപരിചയവുമുള്ളയാളെ ഡി.ബി.എ ആയി നിയമിക്കാൻ രണ്ട് വർഷം മുമ്പ് തീരുമാനിച്ചിരുന്നു. അനധികൃത ഇടപെടലുകളെ തുടർന്ന് അത് നടന്നില്ല.
ഇ അബാക്കസ്
ഈ സോഫ്‌റ്റ്‌വെയറിന് കാര്യക്ഷമത കുറവാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. സെർവർ തകരാറിലായതോടെ പുതിയ കണക്‌ഷൻ നൽകൽ, കേടായ വാട്ടർ മീറ്റർ മാറ്റിവയ്ക്കൽ തുടങ്ങിയവയൊന്നും നടക്കുന്നില്ല.
'മൂന്ന് ദിവസമായി സെർവർ തകരാറിലാണ്. പ്രശ്നം പരിഹരിച്ചുവരികയാണ്. ഉടൻ പൂർണതോതിൽ പ്രവർത്തനക്ഷമമാകും' -സെക്രട്ടറി, വാട്ടർ അതോറിട്ടി