assembly
assembly

തിരുവനന്തപുരം: ഇരുപത്തിയേഴിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ നിലവിലിരിക്കുന്ന 13 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും കർഷക ക്ഷേമത്തിനായുള്ള കർഷക ക്ഷേമനിധി ബോർഡ് രൂപീകരണ ബില്ലും കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 27ന് ചരമോപാചാരം മാത്രമേയുള്ളൂ.
28നും 29നുമായി ആറ് ബില്ലുകളെടുക്കും. മാലിന്യ നിർമാർജ്ജനത്തിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു മാറ്റി സർക്കാർ നിയന്ത്രണത്തിലാക്കുന്ന ഓർഡിനൻസുകൾക്ക് പകരമുള്ള 2018 ലെ കേരള പഞ്ചായത്ത് രാജ് (മൂന്നാം ഭേദഗതി) ബിൽ, 2018 ലെ കേരള മുനിസിപ്പാലിറ്റി (മൂന്നാം ഭേദഗതി) ബിൽ, വസ്ത്രശാലകളിലടക്കം സ്ത്രീ ജീവനക്കാർക്ക് ജോലിസമയത്ത് ഇരിക്കാൻ അനുവദിച്ചുള്ള കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എക്സ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ബിൽ എന്നിവ 28നും പൊലീസ് കംപ്ളെയിന്റ്സ് അതോറിട്ടി ചെയർമാനും അംഗങ്ങൾക്കും പ്രത്യേകം സിറ്റിംഗ് നടത്താൻ അനുവാദം നൽകുന്ന കേരള പൊലീസ് (ഭേദഗതി) ബിൽ, കോഴിക്കോട് സർവകലാശാല ഭേദഗതി (സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും ബദൽ ക്രമീകരണം) ബിൽ, സഹകരണ സംഘം ഭേദഗതി ബിൽ എന്നിവ 29നുമെത്തും. തുടർന്നുള്ളവ കാര്യോപദേശകസമിതിയാണ് തീരുമാനിക്കുക.
പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ അക്കാഡമിയും (നടത്തിപ്പും ഭരണ നിർവഹണവും) ഏറ്റെടുക്കൽ ബിൽ, സ്‌പോർട്സ് ഭേദഗതി ബിൽ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബിൽ, പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡ്) ഭേദഗതി ബിൽ എന്നിവയും സർക്കാരിന്റെ പരിഗണനയിലുള്ളവയാണ്.
ഡിസംബർ നാലിന് ഉപധനാഭ്യർത്ഥനകളുടെ സ്റ്റേറ്റ്‌മെന്റ് മേശപ്പുറത്ത് വയ്ക്കും. ഇതിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും പത്തിനാണ്. ഡിസംബർ 13 വരെയാണ് സമ്മേളനം.