കഴിഞ്ഞ ഒൻപതു ദിവസമായി ഒളിവിലായിരുന്നു.
തിങ്കളാഴ്ച രാത്രി സുഹൃത്ത് ബിനുവിന്റെ കാറിൽ എത്തിയെന്ന് നിഗമനം
സ്വന്തം കുടുംബം താമസം മാറിയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല
ആദ്യം കണ്ടത് ഇന്നലെ രാവിലെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനെത്തിയ ഭാര്യാമാതാവ്
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ (51) കല്ളമ്പലത്ത് സ്വന്തം വീട്ടുവളപ്പിലെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സനൽകുമാറിന്റെ കൊലപാതകം നടന്ന നവംബർ അഞ്ചുമുതൽ ഒളിവിൽപോയ ഡിവൈ.എസ്.പിക്കുവേണ്ടി ക്രൈംബ്രാഞ്ച് നാടുമുഴുവൻ തെരച്ചിൽ നടത്തവേയാണ് മരണം. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കേണ്ട ദിവസമാണിന്ന്.
ഹരികുമാറിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സനൽകുമാറിന്റെ കുടുംബവും നാട്ടുകാരും സംഭവം നടന്ന കൊടങ്ങാവിളയിൽ ഇന്നലെ ഉപവാസ പ്രാർത്ഥനാ സമരം തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ടപ്പോഴാണ് മരണവിവരം പുറംലോകം അറിഞ്ഞത്.
നെയ്യാറ്റിൻകര സംഭവത്തിനുശേഷം കല്ലമ്പലം വെയിലൂരിലെ ദേവനന്ദനത്തിൽ കുടുംബാംഗങ്ങൾ എത്താറില്ലായിരുന്നു. സമീപത്ത് താമസിക്കുന്ന ഹരികുമാറിന്റെ ഭാര്യാ മാതാവ് ലളിതമ്മ ഇന്നലെ രാവിലെ ഒൻപതരയോടെ നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയപ്പോഴാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. മുണ്ടുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു. ജീൻസും ടീ-ഷർട്ടുമായിരുന്നു വേഷം. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാകുറിപ്പെന്ന് കരുതുന്ന കത്ത് കിട്ടി. പാദങ്ങൾ തറയിൽ ഉരുമ്മിനിൽക്കുകയായിരുന്നു.
12.50ന് സബ് കളക്ടർ ഇമ്പശേഖർ എത്തിയശേഷമാണ് മറ്റുള്ളവരെ പൊലീസ് വീട്ടുവളപ്പിൽ കടക്കാൻ അനുവദിച്ചത്. റൂറൽ എസ്.പി അശോക്‌കുമാർ, ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ, അസിസ്റ്റന്റ് കളക്ടർ പ്രിയങ്ക, വർക്കല തഹസിൽദാർ പി. ഷിബു എന്നിവരും എത്തിയിരുന്നു. വിരലടയാള വിദഗ്ദ്ധർ തെളിവു ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
സബ് കളക്ടർ ഇമ്പശേഖറിന്റെ സാന്നിദ്ധ്യത്തിൽ 3.45ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം രാത്രി ഏഴോടെ കല്ലമ്പലത്തെ വീട്ടിലെത്തിച്ച മൃതശരീരം ഒൻപതോടെ സംസ്കരിച്ചു. ലേഖയാണ് ഭാര്യ. മക്കൾ: പരേതനായ അഖിൽ ഹരി, അതുൽ ഹരി (രണ്ടാം വർഷ കോളേജ് വിദ്യാർത്ഥി)
കഴിഞ്ഞ 5ന് രാത്രി പത്തരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സനൽകുമാറിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവം നടന്നത്. സ്വകാര്യ പണമിടപാട് നടത്തുന്ന സുഹൃത്ത് ബിനുവിന്റെ വീട്ടിൽ നിന്ന് ഹരികുമാർ പുറത്തിറങ്ങിയപ്പോൾ കാറിനു മുന്നിൽ മറ്റൊരു കാർ കണ്ട് രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ആഹാരം കഴിക്കാനെത്തിയ സനൽകുമാറിന്റേതായിരുന്നു കാർ. കാർ മാറ്റിയിട്ടെങ്കിലും സനൽകുമാറിനെ മർദ്ദിച്ചു റോഡിലേക്കു തള്ളിയപ്പോൾ അമിതവേഗതയിലെത്തിയ കാറിടിച്ചാണ് പരിക്കേറ്റത്. സനലിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവിടെ നിന്ന് ബിനുവിനൊപ്പം കാറിൽ ഒളിവിൽ പോയ ഹരികുമാർ തിങ്കളാഴ്ചയാണ് വീട്ടിലെത്തിയതെന്ന് കരുതുന്നു. സനൽകുമാറിനെ മനഃപൂർവം കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയതോടെ ഹരികുമാർ മാനസികമായി സമ്മർദ്ദത്തിലായെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.