atl13na

ആറ്റിങ്ങൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങലിലെ പുറമ്പോക്ക് ഒഴിപ്പിക്കൽ ഈ ആഴ്ച പൂർത്തിയാക്കുമെന്ന് റവന്യൂ അധിക‌‌ൃതരും നഗരസഭാ അധികൃതരും പറഞ്ഞു. ടി.ബി ജംഗ്ഷൻ മുതൽ മാമം മൂന്നുമുക്കു വരെയാണ് റോഡ് വികസനം നടക്കുന്നത്. പുറമ്പോക്ക് ഒഴിപ്പിക്കലിന്റെ ഭാഗമായി നടന്ന ഹിയറിംഗ് സംഘർഷത്തിൽ കലാശിച്ചെങ്കിലും അധികൃതരുടെ കർശനമായ നീക്കത്തിന് മുന്നിൽ പ്രതിഷേധം അവസാനിച്ചു. കടകൾ പൂർണമായും മാറ്റേണ്ടി വരുന്നവർക്ക് പുനരധിവാസത്തിന് സൗകര്യം ഒരുക്കുമെന്ന ബി. സത്യൻ എം.എൽ.എയുടെ ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. കച്ചേരി ജംഗ്ഷൻ മുതൽ ഐ.ടി.ഐ വരെയുള്ള റോഡുവക്കിലെ പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ചു. പലയിടത്തും കടക്കാർ സ്വമേധയാ കടകൾ പൊളിച്ചുമാറ്റി. സിവിൽ സ്റ്രേഷൻ ഭൂമി,​ നഗരസഭാ ഭൂമി എന്നിവയും ഏറ്റെടുത്തു. കിഴക്കേ നാലുമുക്കിൽ പാലസ് റോഡ് ആരംഭിക്കുന്ന സ്ഥലത്ത് പുറമ്പോക്കിൽ ഉണ്ടായിരുന്ന ആറ് കടകളാണ് പൂർണമായും ഒഴിപ്പിച്ചത്. ഒഴിപ്പിച്ച ഭാഗം ക്ലിയർ ചെയ്‌തതോടെ ഇവിടെ ആവശ്യത്തിലധികം സ്ഥലം ലഭിച്ചിട്ടുണ്ട്. എന്നാൽ കച്ചേരി ജംഗ്ഷനിൽ പോസ്റ്റ് ഓഫീസിന്റെ സ്ഥലം ഏറ്റെടുക്കാൻ ഇനിയും കടമ്പകൾ കടക്കേണ്ടിവരും. കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ സർക്കാരിന്റെ അനുമതി വേണം. പണം നൽകിയാൽ മാത്രമേ സ്ഥലം വിട്ടുകൊടുക്കൂവെന്നാണ് തപാൽ വകുപ്പിന്റെ വാദം. അതിനായുള്ള ചർച്ചകളും നടക്കുകയാണ്. ഭൂമിയേറ്റെടുത്ത് നൽകിയാൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് കരാറുകാരൻ പറഞ്ഞു.