തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്ക് 'നാവിക്' ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടിയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.
12 നോട്ടിക്കൽ മൈലിൽ കൂടുതൽ പോകുന്ന 15,000 യാനങ്ങൾക്കാണ് നാവിക് ഉപകരണം.
1500 കിലോമീറ്റർ പരിധിയുള്ള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം, കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിർത്തി, മത്സ്യബന്ധന മേഖല എന്നിവയെ പറ്റി സന്ദേശം നൽകാം. രക്ഷാപ്രവർത്തനം എളുപ്പമാക്കാനും കടലിലെ അപകടങ്ങൾ കുറയ്‌ക്കാനും നാവിക് ഫലപ്രദമാണ്.ഐ.എസ്.ആർ.ഒ സാങ്കേതികവിദ്യയിൽ കെൽട്രോൺ ആണ് നാവിക് നിർമ്മിക്കുന്നത്.
15,000 ഉപകരണങ്ങൾക്ക് 15.93 കോടിയാണ് ചെലവ്.
ബി.എസ്.എൻ.എൽ സഹകരണത്തോടെ 1000 പേർക്ക് സാറ്റലൈറ്റ് ഫോണുകൾ നൽകും. ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് ആശയവിനിമയത്തിനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഇത് പ്രയോജനപ്പെടും.
ഒരു യൂണിറ്റിന് 94,261 രൂപയാണ് വില. മൊത്തം 9.43 കോടി ചെലവാകും. ഓരോ തൊഴിലാളിയും 1500 രൂപ നൽകണം.
ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ട എട്ട് പേർക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേർക്കുമായി 1.78 കോടി രൂപ നൽകും.
40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് വാങ്ങാൻ 6.10 കോടിയുടെ പദ്ധതിയും അംഗീകരിച്ചു. ലൈഫ് ജാക്കറ്റിന് ഓരോ തൊഴിലാളിയും 250 രൂപ നൽകണം.
കോഴിക്കോട് ജില്ലയിൽ ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ ഭാഗികമായി നഷ്ടപ്പെട്ട പുത്തൻപുരയിൽ മെഹമൂദിന് 1.48 ലക്ഷം നൽകും.