തിരുവനന്തപുരം: ഡിവൈ.എസ്.പി ഹരികുമാർ മരിച്ചെങ്കിലും സനൽകുമാർ കൊലക്കേസ് റദ്ദാവില്ല. പ്രതിയെ സഹായിച്ച മൂന്നുപേർ വിചാരണ നേരിടേണ്ടിവരും. ഡിവൈ. എസ്. പിയെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയ സുഹൃത്ത് ബിനു രണ്ടാം പ്രതിയാണ്.
ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയാണ് മറ്റൊരു പ്രതി. ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചതിനു പുറമേ, കാർ തൃപ്പരപ്പിൽ നിന്നു കല്ലറയിലേക്ക് കൊണ്ടുപോയത് അനൂപാണ്. ഒളിവിൽ കഴിയാൻ സഹായിച്ച തൃപ്പരപ്പ് അക്ഷയ ലോഡ്ജ് ഉടമ സതീഷ് കുമാറാണ് മറ്റൊരു പ്രതി.
കേസെടുത്തതിനാൽ ഹരികുമാറിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേ മതിയാവൂ. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി തുടർനടപടി അസാദ്ധ്യമാണെന്ന് റിപ്പോർട്ട് നൽകും.