തിരുവനന്തപുരം:തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് ഗോവയിൽ എത്തിച്ച ആയുർവേദ വിദ്യാർത്ഥികളെ പറഞ്ഞ ശമ്പളവും താമസസൗകര്യവും നൽകാതെ ചൂഷണം ചെയ്തെന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും പരാതി ഉയർന്നു. തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി സിറാജിനെതിരെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് വിദ്യാർത്ഥികളും ഇന്റർനാഷണൽ മിഷൻ ഫോർ ഹ്യൂമൻ റെെറ്റ്സ് എന്ന സംഘടനയും പത്രസമ്മേളനത്തിൽ അറിയിച്ചു.
ആരോപണം ഇങ്ങനെ:
ഇടുക്കി വാഴവര ആശ്രമം ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്ക് തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് സിറാജ് ഗോവയിലെ കർമ്മയോഗ നമസ്തസ്യ എന്ന സ്ഥാപനത്തിൽ എത്തിച്ചു. താമസവും ഭഷണവും സൗജന്യമാണെന്നായിരുന്നു വാഗ്ദാനം. അതൊന്നും പാലിക്കാതെ കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. ഗോവയിലെ അഞ്ച് സെന്ററുകളിലായി നിരവധി കുട്ടികളാണ് പീഡനങ്ങൾ സഹിച്ച് കഴിഞ്ഞത്. ലീവടക്കമുള്ള ആനുകൂല്യങ്ങൾ നിക്ഷേധിച്ചു. മോബൈൽഫോൺ ഉപയോഗിക്കാൻ പോലും അനുവദിച്ചില്ല. ചില സെന്ററുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ താമസ സൗകര്യം പോലും ഇല്ലായിരുന്നു. ജോലിക്ക് പുറമേ ബാത്റൂം ക്ലീനിംഗ് അടക്കമുള്ള പണികളും ചെയ്യിച്ചു. ബോണ്ട് കാലാവധിക്ക് മുൻപ് രാജിവച്ചാൽ ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും കുട്ടികൾ ആരോപിച്ചു.
ഇന്റർനാഷണൽ മിഷൻ ഫോർ ഹ്യൂമൻ റെെറ്റ്സ് സംഘടനയുടെ ശ്രമഫലമായി 25ഓളം കുട്ടികളെ മോചിപ്പിക്കുകയും ഗോവ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.സിറാജിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആർക്കുമറിയാത്ത സാഹചര്യത്തിൽ പിടിച്ച് വച്ചിരിക്കുന്ന സർട്ടിഫിക്കറ്റും ശമ്പളബാക്കിയും തിരിച്ചുകിട്ടാൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
പ്രസ്ക്ലബിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ഇന്റർനാഷണൽ മിഷൻ ഫോർ ഹ്യൂമൻ റെെറ്റ്സിന്റെ ഭാരവാഹികളായ ഷെെനസ് കെ.എസ്, ഷാലു ഫെെസൽ, സരുൺ തിരുമേനി, അൻവർ ഷാ എന്നിവരും പതിനഞ്ചോളം കുട്ടികളും പങ്കെടുത്തു.