ഇന്ത്യയുടെ ബഹുസ്വരതയും ദർശനവൈവിദ്ധ്യവും നിലനിറുത്തുക ജീവിതവ്രതമാക്കിയ സന്യാസിയായ ഒരു കമ്മ്യൂണിസ്റ്റുകാരൻ. എന്റെ അച്ഛൻ എൻ. ഇ. ബാലറാമിന് ഇതിൽ കൂടുതൽ ഒരു വിശേഷണം നൽകാനില്ല. ഇൗയിടെ ഒരു സംഭാഷണത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ഗോവിന്ദൻകുട്ടി അച്ഛനെ അനുസ്മരിച്ച് പറഞ്ഞ ഒരു സംഭവമുണ്ട്. ഹൈദരാബാദിൽ സി.പി.ഐ യുടെ പാർട്ടി കോൺഗ്രസ് ചേർന്ന സന്ദർഭം. പാർട്ടിയുടെ സംഘടനാശൈലിയിലും ആശയ സമീപനങ്ങളിലും കാതലായ മാറ്റത്തിനുള്ള നിർദ്ദേശം മുന്നോട്ടുവച്ച അച്ഛനെ ബി.ബി.സിയുടെ ഒരു പ്രതിനിധി അഭിമുഖം നടത്തുകയുണ്ടായി. അതിനുശേഷം പത്രസുഹൃത്തുക്കൾ ഒന്നിച്ചിരുന്ന് കുശലം പങ്കിടുന്നതിനിടയിൽ ബി.ബി.സി പ്രതിനിധി പറഞ്ഞുവത്രെ. 'ഇന്ന് ഞാനൊരു അദ്ഭുതമനുഷ്യനെ കണ്ടു. കാലത്തിന് മുൻപേ നടക്കുന്ന കമ്മ്യൂണിസ്റ്റുകാരൻ എൻ. ഇ.ബാലറാം.' ഇന്നത്തെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ എത്ര ശരിയായിരുന്നു ആ വിലയിരുത്തലെന്ന് ഒാരോ സെക്കൻഡിലും ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു.
അച്ഛന്റെ ശതാബ്ദി സി.പി.ഐ ആചരിക്കാൻ ഒരുങ്ങുകയാണ് . 1919 നവംബർ 19ന് തലശേരി താലൂക്കിലെ തൊടിക്കളം എന്ന സ്ഥലത്താണ് അച്ഛൻ ജനിച്ചത്. പതിന്നാലുവയസിൽ അമ്മ നഷ്ടമായ അച്ഛനെയും സഹോദരങ്ങളെയും അച്ഛാച്ഛൻ തന്റെ പിണറായിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംസ്കൃത പണ്ഡിതയായ മുത്തശ്ശിയുടെ ശിക്ഷണത്തിലാണ് അച്ഛൻ വേദങ്ങളും ഉപനിഷത്തുകളും എല്ലാം സ്വായത്തമാക്കുന്നത്. വീട്ടിൽ സംസ്കൃതം സംസാരിക്കുന്ന മുത്തശ്ശി വാഗ്ഭടാനന്ദന്റെ കൂടി ഗുരുവായിരുന്നു. ആ ശിക്ഷണമാണ് പിൽക്കാലത്ത് അച്ഛനെ കൽക്കത്തയിലെ രാമകൃഷ്ണാശ്രമത്തിൽ എത്തിച്ചത്.
പ്രപഞ്ചോല്പത്തിയെയും മനുഷ്യമനസ് എന്ന പ്രഹേളികയെയും കുറിച്ച് അന്വേഷണം ആരംഭിച്ച അച്ഛന് മുന്നിൽ ദർശനങ്ങൾക്കും മോക്ഷസങ്കല്പങ്ങൾക്കുമപ്പുറം പച്ചയായ മനുഷ്യൻ നേരിടുന്ന ചൂഷണം വലിയൊരു ചോദ്യചിഹ്നമായി ഉയർന്നുവന്നു. അങ്ങനെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടനാക്കപ്പെട്ടത്. ഭാരതീയ ദർശനങ്ങളുടെ പരിസരത്ത് ഇന്ത്യൻ കമ്മ്യൂണിസമെന്ന ആശയം അച്ഛനിൽ രൂഢമൂലമായതും അങ്ങനെയാണ്. മുജ്ജന്മസുകൃതം കൊണ്ട് ഇൗ ജന്മത്തിൽ മനുഷ്യൻ മൃഗതുല്യമായി കഴിയണമെന്ന മോക്ഷ സിദ്ധാന്തത്തെ ജീവിത യാഥാർത്ഥ്യങ്ങളുടെ സത്യങ്ങൾ കൊണ്ട് അച്ഛൻ ചോദ്യം ചെയ്തുതുടങ്ങി. ദളിതന്റെ കഴുത്തിൽ നുകംവച്ച് വയൽ പൂട്ടുന്ന ജന്മിത്വത്തിന്റെ ക്രൂരതകളെ ഒന്നൊന്നായി എതിർക്കാൻ ആദ്യം കോൺഗ്രസും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റും ഒടുവിൽ കമ്മ്യൂണിസ്റ്റുമായി തീർന്ന ആ യുവസന്യാസി കമ്മ്യൂണിസ്റ്റിനെ ജന്മിമാരും അവർക്ക് ഒത്താശ ചെയ്യുന്ന സവർണ സമൂഹവും ഭരണകൂടവും വേട്ടയാടിയത് ചരിത്രം.
1939 ൽ പിണറായിയിലെ പാറപ്പുറത്ത് വായനശാലയിൽ പി. കൃഷ്ണപിള്ള അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരെ ഒരു വേദിയിൽ കൊണ്ടുവരാൻ അച്ഛനും സഖാക്കളും ചുക്കാൻ പിടിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നുവീണത് അങ്ങനെയാണ്. പൊലീസിന്റെ ക്രൂരമർദ്ദനം, ഒളിവുജീവിതം, കർഷകരുടെയും പാവപ്പെട്ടവരുടെയും ഇടയിലെ സംഘടനാപ്രവർത്തനം എന്നിവയെക്കുറിച്ചെല്ലാം എഴുതാൻ ഇവിടെ സ്ഥലപരിമിതിയുണ്ട്. അക്കാലത്തെ ഏതൊരു കമ്മ്യൂണിസ്റ്റുകാരനും നേരിട്ട പ്രതിസന്ധി തന്നെയാണ് അച്ഛനും നേരിട്ടത്.
ഐക്യകേരള രൂപീകരണത്തോടെ ഉദയം ചെയ്ത ജനാധിപത്യ ഭരണക്രമത്തിൽ ജനപ്രതിനിധിയായി അച്ഛനും ഉണ്ടായിരുന്നു. രണ്ട് പ്രാവശ്യം എം.എൽ.എ , 13 വർഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി, ഒൻപത് വർഷം രാജ്യസഭാംഗം ഇതിനിടയിൽ വ്യവസായമന്ത്രി. ആ മനസ് ഒന്നിലും പൂർണമായി തങ്ങി നിന്നിരുന്നു എന്ന് തോന്നിയിട്ടില്ല. രാജ്യം നേരിടുന്ന ഹിന്ദുവർഗീയ ഭീഷണി അച്ഛനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളിലുണ്ടായ മൂല്യച്യുതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ചൂഷണരഹിത തത്വശാസ്ത്രം അച്ഛൻ അന്വേഷിച്ചുകൊണ്ടിരുന്നു.
കണാദന്റെ പ്രതിനിധിയെന്ന് സ്വയം അഭിമാനിച്ചിരുന്ന അച്ഛൻ ലോകത്ത് നടക്കുന്ന എല്ലാ ആധുനിക ശാസ്ത്ര മുന്നേറ്റങ്ങളിലും ഏറെ ശ്രദ്ധാലുവായിരുന്നു. ബ്ളാക്ക് ഹോൾ സിദ്ധാന്തവുമായി സ്റ്റീഫൻ ഹോക്കിംഗ്സ് രംഗത്ത് വന്നതോടെ ക്വാണ്ടം ഫിസിക്സ് ആഴത്തിൽ മനസിലാക്കാൻ ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെ അച്ഛൻ ശ്രമിച്ചു. ബുദ്ധമതത്തെ ഉൾക്കൊണ്ട് വിശകലനം ചെയ്യാൻ പാലിഭാഷ സ്വായത്തമാക്കാൻ നേപ്പാളിൽ പോയി. പ്രപഞ്ചത്തിന്റെ ഒാരോ ചലനവും അച്ഛനിലെ ഭൗതിക സന്യാസിയുടെ ജിജ്ഞാസ വർദ്ധിപ്പിച്ചു. ഭാരതീയ ദർശനങ്ങൾക്ക് മേൽ സവർണ ബ്രാഹ്മണ ഹിന്ദുയിസം നടത്തുന്ന ആക്രമണങ്ങളെ ആശയപരമായി തുറന്നു കാണിക്കാനുള്ള തീവ്രശ്രമത്തിനിടയിലാണ് 1994 ജൂലായ് 16ന് അച്ഛൻ വിട വാങ്ങുന്നത്.
പത്ത് വാള്യങ്ങളിലായി പരന്നുകിടക്കുന്ന അച്ഛന്റെ എഴുത്തുകൾ കാലത്തിന്റെ മറവിയിലേക്ക് പോകുന്നത് വേദനയുളവാക്കുന്നു. മനുഷ്യസ്നേഹിയായ ഇൗ മഹാരഥന്റെ പുസ്തകങ്ങളും ചിന്തകളും ഇന്ത്യയെന്ന ദർശന സാമ്രാജ്യത്വത്തിന്റെ മുന്നിൽ പിടിക്കേണ്ട കെടാവിളക്കാണ്. ഉരുണ്ടുകൂടുന്ന ഇരുട്ടിന്റെ ശക്തികൾക്ക് നേരെ ഇൗ ജ്ഞാനജ്യോതി തെളിയിച്ച് കെടാതെ ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണം. അതിനുള്ള എണ്ണ പകരുന്നതാണ് എൻ.ഇ. ബാലറാമെന്ന കമ്മ്യൂണിസ്റ്റ് സന്യാസിയുടെ ജീവിതവും എഴുത്തും - ആ അച്ഛന്റെ മകളായതിൽ , അച്ഛൻ പകർന്നുതന്ന ജീവിതവീക്ഷണം മുറുകെ പിടിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു.
(ലേഖികയുടെ ഫോൺ:9048070792.)