harikumar

തിരുവനന്തപുരം:ദേവനന്ദനം എന്ന സ്വന്തം വീടിന് പുറകിൽ പട്ടികൂടിനോടു ചേർന്നാണ് ഡിവൈ. എസ്.പി തൂങ്ങിമരിച്ച തേങ്ങാപ്പുര.കൃഷിപണിക്കുള്ള സാധനങ്ങളും തടിയും മറ്റും ഇവിടെയാണ്.മതിലിനോട് ചേർന്ന് ഹോളോബ്രിക്സിൽ പണിത ചായ്പിന്റെ അലുമിനിയം മേൽക്കൂരയുടെ ഇരുമ്പ് പൈപ്പിലാണ് തൂങ്ങിയത്. ചുവപ്പും നീലയും ഇടകലർന്ന ടീ ഷർട്ടും നീല ജീൻസുമായിരുന്നു വേഷം. തറയിൽ കൂട്ടിയിട്ട തേങ്ങകളിൽ ചവിട്ടിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.പച്ച കരയുള്ള മുണ്ടാണ് ആത്മഹത്യയ്ക്ക് ഉപയോഗിച്ചത്. വലത്തേ കാലിന്റെ വിരലുകൾ പൊട്ടി രക്തം വാർന്നൊഴുകി തളം കെട്ടി.ഇടത്തേകാൽ മടങ്ങിയ നിലയിലായിരുന്നു.കാലിൽ സ്ളിപ്പ‌ർ ചെരുപ്പുണ്ട്. മൃതദേഹത്തിനടുത്ത് മണൽ അരിയ്ക്കാൻ ഉപയോഗിക്കുന്ന അരിപ്പും കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഷവൽ അടക്കമുള്ളവയും ഉണ്ടായിരുന്നു.സമീപത്തു വച്ചിരുന്ന ബാഗിൽ മൊബൈൽ ഫോണും പവർബാങ്കും ചാർജറും

ഉണ്ടായിരുന്നു.

ഉച്ചയോടെ ​ സബ് കളക്ടർ ഇമ്പശേഖരന്റെ നേതൃത്വത്തിൽ ദേഹ പരിശോധന തുടങ്ങിയെങ്കിലും വെളിച്ചകുറവ് തടസമായി.പൊലീസ് ഫോട്ടോഗ്രാഫർ എത്തിയെങ്കിലും ഫ്ളാഷ് കാമറയില്ലാത്തതിനാൽ സ്വകാര്യ ഫോട്ടോഗ്രാഫർ എത്തുന്നതുവരെ നടപടികൾ വൈകി.ഇതിനിടെ എമർജൻസി ലാമ്പ് എത്തിച്ച് പ്രാഥമിക പരിശോധന തുടങ്ങി. അപ്പോഴാണ് ആത്മഹത്യാകുറിപ്പും മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങളും കണ്ടത്. ഫോറൻസിക് വിദഗ്ദ്ധർ വിരലടയാളങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹം അഴിച്ചിറക്കി വെെകിട്ട് 3.45ഓടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.