മാലദ്വീപിന്റെ ഏഴാമത് പ്രസിഡന്റായി ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ന് അധികാരമേൽക്കുകയാണ്. അഞ്ച് വർഷമായി ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പൊരുതിയ മാലദ്വീപ് ജനതയുടെ നിശ്ചയദാർഢ്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായാണ് പുതിയ പ്രസിഡന്റിന്റെ പ്രവേശനം.
സെപ്തംബർ 23 നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് . നിലവിൽ പ്രസിഡന്റായ അബ്ദുള്ള യമീനായിരുന്നു ഭരണകക്ഷിയായ പ്രോഗ്രസീവ് പാർട്ടിയുടെ സ്ഥാനാർത്ഥി. പ്രതിപക്ഷകക്ഷി നേതാക്കളെയെല്ലാം വിവിധ കേസുകളിൽപ്പെടുത്തി തടവറയിലാക്കിയ ശേഷമായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പും തന്റെ സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചത്. ആദ്യം അറസ്റ്റ് ചെയ്തത് ജനാധിപത്യരീതിയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് നഷീദിനെയായിരുന്നു. മാലദ്വീപ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റായ നഷീദിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 13 വർഷത്തേക്കാണ് ശിക്ഷിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെയും ആംനസ്റ്റി ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളടെയും സമ്മർദ്ദത്തെത്തുടർന്ന് ചികിത്സയ്ക്കായി ബ്രിട്ടനിൽ പോകാൻ നഷീദിനു പരോൾ അനുവദിച്ചു. ബ്രിട്ടനിലെത്തിയ നഷീദ് അവിടെ രാഷ്ട്രീയാഭയം തേടുകയും ശ്രീലങ്ക കേന്ദ്രമാക്കി യമീനെതിരെ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
യമീന്റെ ജനാധിപത്യ വിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഭരണത്തെ എതിർത്ത് പ്രതിപക്ഷത്തേക്ക് മാറിയ ജുംഹുറി പാർട്ടിയും നഷീദിനൊപ്പം ചേർന്നു. മത്സരിക്കുന്നതിൽ നിന്നും നഷീദിനെ തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയതിനെ തുടർന്നാണ് മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവായ ഇബ്രാഹിം മുഹമ്മദ് സോലിഹ് പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. 1994-ൽ 30-ാം വയസിൽ പാർലമെന്റ് അംഗമായ സോലിഹ് മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി രൂപികരിക്കുന്നതിൽ, മുൻ പ്രസിഡന്റ് നഷീദിനൊപ്പം നിർണായകമായ പങ്ക് വഹിച്ച നേതാവാണ്.58.38 ശതമാനം വോട്ടോടെയാണ് സോലിഹ് തിരഞ്ഞെടുക്കപ്പെട്ടത്. യമീന് ലഭിച്ചത് 41.62 ശതമാനം വോട്ട് മാത്രമായിരുന്നു. കേസിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യമീനിന്റെ ശ്രമങ്ങൾ, സുപ്രീംകോടതി തള്ളുകയും ജനവിധി അംഗീകരിക്കുകയും ചെയ്തതോടെയാണ് യമീൻ പരാജയം അംഗീകരിച്ച് പടിയിറങ്ങിയത്.
ഇന്ത്യയോട് അകന്ന യമീൻ
1965-ൽ സ്വാതന്ത്ര്യം ലഭിച്ച മാലദ്വീപിൽ ആദ്യം നയതന്ത്രകാര്യാലയം തുറന്നത് ഇന്ത്യയായിരുന്നു. അന്നു മുതൽ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് മാലദ്വീപിനുള്ളത്. 1988-ൽ ദ്വീപ് നിവാസികളായ തീവ്രവാദികൾ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂമിനെതിരെ അട്ടിമറി ശ്രമം നടത്തിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് മണിക്കുറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യത്തെ അവിടെയെത്തിച്ച് തീവ്രവാദികളെ അടിച്ചമർത്തി മാലദ്വീപ് ഭരണകൂടത്തെ രക്ഷിച്ചത്. യമീൻ പ്രസിഡന്റായത് മുതൽ ഇന്ത്യയിൽ നിന്നും മാലദ്വീപ് അകലാൻ തുടങ്ങി. ജനാധിപത്യവിരുദ്ധമായ രീതിയിൽ പ്രതിപക്ഷത്തെ അടിച്ചമർത്തിക്കൊണ്ടും പ്രതിപക്ഷനേതാക്കളെ കേസുകളിൽപ്പെടുത്തി തടങ്കലിലാക്കിയുമുള്ള യമീന്റെ നടപടികളെ വിമർശിച്ചതിന്റെ പേരിലാണ് ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിൽ നിന്നും യമീൻ അകന്നു തുടങ്ങിയത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെയും അറേബ്യൻ സമുദ്രത്തിന്റെയും ഇടയിൽ തന്ത്രപ്രധാനമായ സ്ഥാനത്ത് നിലകൊളളുന്ന മാലദ്വീപ് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും വളരെ പ്രാധാന്യമുള്ളതാണ്.
2014-ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങിനെ, യമീൻ മാലദ്വീപ് സന്ദർശിക്കാൻ ക്ഷണിച്ചുവരുത്തുകയും ചൈനയുമായി പ്രതിരോധ-വാണിജ്യ വ്യാപാര കരാറിൽ ഒപ്പിടുകയും ചെയ്തു. 2017-ൽ ചൈനയുമായി ഒരു സ്വതന്ത്രവ്യാപാര കരാറിലും മാലദ്വീപ് ഒപ്പിട്ടു. ഈ കരാറിലൂടെ ചൈനയുടെ വിലകുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി മേഖലയായി മാലദ്വീപ് മാറി. ഇതിനു പുറമേ വികസനത്തിന്റെ പേരിൽ വലിയ മുതൽമുടക്കാണ് ചൈന ഇവിടെ നടത്തിവരുന്നത്. 'ബെൽറ്റ് റോഡ് ഇനിഷ്യേറ്റീവിന്റെ് " ഭാഗമാക്കി മാറ്റിക്കൊണ്ട് മാലദ്വീപിൽ വിമാനത്താവള വികസനത്തിനും, തുറമുഖ വികസനത്തിനുമായി വൻ പദ്ധതികളും ചൈന നടപ്പിലാക്കി വരികയാണ്. വികസനത്തിന്റെ മറവിൽ മാലദ്വീപിൽ നാവികതാവളം സ്ഥാപിച്ച് ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയെന്ന ഉദ്ദേശവും ചൈനയ്ക്കുണ്ടായിരുന്നു. ആൾ താമസമില്ലാത്ത മറാവോ ദ്വീപ് നാവിക താവളത്തിനായി ചൈനയ്ക്ക് കൈമാറിയതായും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ചൈനയ്ക്ക് അടിയറവ് വച്ചതായും മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ തിരഞ്ഞെടുപ്പു വേളയിൽ ആരോപണം ഉന്നയിച്ചിരുന്നു. 2015 മാർച്ചിൽ ശ്രീലങ്കയിലും മൗറീഷ്യസിലും സന്ദർശനം നടത്തുന്നതിനൊപ്പം, മാലദ്വീപിലും സന്ദർശനം നടത്താൻ പ്രധാനമന്ത്രി മോദി ഉദ്ദേശിച്ചിരുന്നവെങ്കിലും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെ നഷീദിനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാലദ്വീപ് സന്ദർശനം ഒഴിവാക്കി കൊണ്ടാണ് ഇന്ത്യയുടെ അനിഷ്ടം പ്രകടിപ്പിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിയും
സോലിഹിന്റെ വിജയത്തിൽ അദ്ദേഹത്തെ ആദ്യം അഭിനന്ദനം അറിയിച്ച രാജ്യം ഇന്ത്യയാണ്. രാജ്യം ജനാധിപത്യത്തിലേക്ക് തിരിച്ചു വരുമെന്നും, സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുമെന്നു പ്രത്യാശിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയുടെ പ്രാധാന്യവും ഇന്ത്യയുമായുണ്ടായിരുന്ന നല്ല ബന്ധം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യവും മുൻനിറുത്തിയാണ് പ്രധാനമന്ത്രി മോദിയെ നിയുക്ത പ്രസിഡന്റ് സോലിഹ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതും, നരേന്ദ്രമോദി ആ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതും.
മാലദ്വീപിന്റെ സ്വാതന്ത്ര്യത്തിനും, ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കാത്ത രീതയിലുള്ള ബന്ധം ഉണ്ടാക്കുന്നതിൽ ഇന്ത്യ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മറ്റ് ജനാധിപത്യ രാജ്യങ്ങളുമായി ചേർന്ന് മാലദ്വീപിന്റെ വികസനങ്ങൾക്ക് തുണയാകാൻ ഇന്ത്യ മുൻകൈയെടുക്കണം.
( ലേഖകൻ പി.പി.ആർ.ഐ രജിസ്ട്രാറാണ്.
ഫോൺ: 9847173177)