തിരുവനന്തപുരം: ശബരിമലയിലെയും സമീപ വന,മലമ്പ്രദേശങ്ങളിലെയും വിലപ്പെട്ട ശിലകളും വിഗ്രഹങ്ങളും സംരക്ഷിക്കണമെന്ന് ഐക്യ മലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ സജീവ് പറഞ്ഞു.
'ശബരിമല ഉത്സഭവം, ചരിത്രം, വർത്തമാനകാല സ്ഥിതിവിശേഷം' എന്ന വിഷയത്തിൽ എം.എസ് ജയപ്രകാശ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല, കരിമല, നീലിമല തുടങ്ങി വിവിധ സ്ഥലങ്ങളിൽ കേരള ചരിത്രവുമായി ബന്ധപ്പെട്ട വലിയ ശിലാപാളികളും വിഗ്രഹങ്ങളും ഉണ്ട്. ഇവ കണ്ടെത്തി സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കാടുകളിൽ ഉറങ്ങുന്ന യഥാർത്ഥ ചരിത്രത്തെക്കുറിച്ച് മലയരയ സമുദായത്തിന് വ്യക്തമായ ധാരണ നൽകാനാകുമെന്നും സജീവ് പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ഡോ.എ നീലലോഹിതദാസ് യോഗം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ അഡ്വ.എസ്.പ്രഹ്ളാദൻ അദ്ധ്യക്ഷനായി. മുഖ്യ രക്ഷാധികാരി പി.രാമഭദ്രൻ വിഷയം അവതരിപ്പിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ് സുവർണകുമാർ, പ്രബോധ് എസ്.കണ്ടച്ചിറ, എം.എസ്.ജയകുമാർ,ക്ലാവറ സോമൻ, ഷമ്മി പ്രകാശ്, എസ്.പി.മഞ്ചു, വിജയൻ ശേഖർ തുടങ്ങിയവർ സംസാരിച്ചു.